ചുഴലിക്കാറ്റ്: ബംഗാളില്‍ 72 മരണം:നഷ്ടം അനേകായിരം കോടി

കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഉംപുന്‍ ചുഴലിക്കാറ്റ് വീശിയടിച്ചതിനെത്തുടര്‍ന്ന് പശ്ചിമ ബംഗാളില്‍ 72 പേര്‍ മരിച്ചു. മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് ഇക്കാര്യം അറിയിച്ചത്. കൊല്‍ക്കത്തയില്‍ 15 പേരും നോര്‍ത്ത് 24 പര്‍ഗനാസില്‍ 18 പേരും, സൗത്ത് 24 പര്‍ഗനാസില്‍ 17 പേരും മരിച്ചവരില്‍പ്പെടുന്നു. ഹൗറയില്‍ ഏഴ്, ഈസ്റ്റ് മിദിനപുറില്‍ ആറ്, ഹൂഗ്ലിയില്‍ രണ്ട് എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ മരണം. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടര ലക്ഷം രൂപ വീതം നഷ്ടപരിഹാരമായി നല്‍കുമെന്ന് മമത പറഞ്ഞു.
അനേകായിരം കോടി രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ടെന്ന് പ്രാഥമികമായി കണക്കാക്കുന്നു.
നാശനഷ്ടം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സംസ്ഥാനം സന്ദര്‍ശിക്കാന്‍ മമത ആവശ്യപ്പെട്ടു. ‘നിലവിലെ സ്ഥിതിഗതികള്‍ ശരിയല്ല, ഞാന്‍ പ്രധാനമന്ത്രിയോട് സന്ദര്‍ശനം നടത്താന്‍ ആവശ്യപ്പെടുന്നു. കാലാവസ്ഥ മെച്ചപ്പെട്ടാല്‍ ഞാന്‍ ഹെലികോപ്ടറില്‍ നാശനഷ്ടം വിലയിരുത്തും.’ മമത പറഞ്ഞു.
കൊടുങ്കാറ്റിനെ തുടര്‍ന്ന് ഇന്ത്യയിലും ബംഗ്ലാദേശിലുമായി 84 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. മണിക്കൂറില്‍ 160-170 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ച് 190 വരെ വേഗമാര്‍ജിച്ച ചുഴലിക്കാറ്റ് തീരദേശപ്രദേശങ്ങളിലെ മരങ്ങളും വൈദ്യുതത്തൂണുകളും പിഴുതെറിഞ്ഞു. ഒട്ടേറെ വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. കൊല്‍ക്കത്ത വിമാനത്താവളമടക്കം വെള്ളത്തില്‍ മുങ്ങി.