702 പേര്‍ക്ക് ഇന്ന് കോവിഡ്, 745 പേര്‍ക്ക് രോഗമുക്തി, രോഗികള്‍ 19,727

തിരുവനന്തപുരം: 702 പേര്‍ക്ക് ഇന്ന് കോവിഡ്, 745 പേര്‍ക്ക് രോഗമുക്തി, രോഗികള്‍ 19,727 ഇതുവരെ രോഗമുക്തി നേടിയത് 10,049. ഇന്ന് 483 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതില്‍ ഉറവിടമറിയാത്തത് 35. വിദേശത്തുനിന്ന് 75 പേര്‍. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 91 പേര്‍. ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ 43.
ഇന്ന് രണ്ടു മരണം റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് സ്വദേശി മുഹമ്മദ് (61), കോട്ടയം സ്വദേശി ഔസേപ്പ് ജോര്‍ജ് (85) എന്നിവരാണ് മരിച്ചത്.

പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 161, മലപ്പുറം 86, ഇടുക്കി 70, കോഴിക്കോട് 68, കോട്ടയം 59, പാലക്കാട് 41, തൃശൂര്‍ 40, കണ്ണൂര്‍ 38, കാസര്‍കോട് 38, ആലപ്പുഴ 30, കൊല്ലം 22, പത്തനംതിട്ട 17, വയനാട് 17, എറണാകുളം 15.

നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 65, കൊല്ലം 57, പത്തനംതിട്ട 49, ആലപ്പുഴ 150, കോട്ടയം 13, ഇടുക്കി 25, എറണാകുളം 69, തൃശൂര്‍ 45, പാലക്കാട് 9, മലപ്പുറം 88, കോഴിക്കോട് 41, വയനാട് 49, കണ്ണൂര്‍ 32, കാസര്‍കോട് 53.

കഴിഞ്ഞ 24 മണിക്കൂറിനകം 18,417 സാമ്പിളുകള്‍ പരിശോധിച്ചു. 1,55,148 പേരാണ് നിരീക്ഷണത്തിലുള്ളത്. 9397 പേര്‍ ആശുപത്രികളില്‍. ഇന്നു മാത്രം 1237 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ ചികിത്സയിലുള്ളവര്‍ 9609 പേരാണ്.
ഇതുവരെ ആകെ 3,54,480 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 3842 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,14,832 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1,11,105 സാമ്പിളുകള്‍ നെഗറ്റീവ് ആയി. സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 495 ആണ്.
സംസ്ഥാനത്ത് ഇപ്പോള്‍ 101 സിഎഫ്എല്‍ടിസികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവയില്‍ 12,801 കിടക്കകളാണുള്ളത്. 45 ശതമാനം കിടക്കകളില്‍ ഇപ്പോള്‍ ആളുണ്ട്. രണ്ടാം ഘട്ടത്തില്‍ 229 സിഎഫ്എല്‍ടിസികളാണ് കൂട്ടിച്ചേര്‍ക്കുന്നത്. 30,598 കിടക്കകളാണ് ഇവിടെ തയ്യാറാക്കിയിട്ടുള്ളത്. മൂന്നാംഘട്ടത്തിലേക്ക് 36,400 കിടക്കകളുള്ള 480 സിഎഫ്എല്‍ടിസികള്‍ കണ്ടെത്തിയിട്ടുണ്ട്.
മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ സഹ ടീം ലീഡറും ഒരു സ്റ്റാഫ് നഴ്‌സും രണ്ട് ലാബ് ടെസ്‌നീഷ്യന്മാരും രണ്ട് ഫാര്‍മസിസ്റ്റുകളും അടങ്ങുന്നതാണ് പ്രാഥമികതലത്തിലുള്ള സിഎഫ്എല്‍ടിസി സംവിധാനം. ആളുകളുടെ എണ്ണം ആവശ്യാനുസരണം വര്‍ധിപ്പിക്കും. കോവിഡ് ബ്രിഗേഡിലേക്ക് 1679 പേര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് പരിശീലനം ഉടനെ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.