മൂന്നാര്‍ രാജമലയില്‍ 50 പേര്‍ ഇനിയും മണ്ണിനടയില്‍, 15 മൃതദേഹങ്ങള്‍ കണ്ടെടുത്തു, 15 പേരെ രക്ഷപ്പെടുത്തി

തിരുവനനന്തപുരം: ഇടുക്കി ജില്ലയിലെ മൂന്നാര്‍ രാജമല പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചിലാണ് ഈ കാലവര്‍ഷത്തില്‍ സംസ്ഥാനത്തെ ദുഃഖത്തിലാഴ്ത്തിയത്. 30 മുറികളുള്ള നാല് ലയങ്ങള്‍ മണ്ണിടിച്ചിലില്‍ പൂര്‍ണമായും ഇല്ലാതായി എന്നാണ് ലഭ്യമായ റിപ്പോര്‍ട്ട്. ആകെ 80ലേറെ പേര്‍ താമസിച്ചിരുന്നു. ഇതില്‍ 15 പേരെ രക്ഷപ്പെടുത്തി. 15 പേര്‍ മരണമടഞ്ഞു. മറ്റുള്ളവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുന്നു.

മരണപ്പെട്ടവര്‍

ഗാന്ധിരാജ് (48), ശിവകാമി (35), വിശാല്‍ (12), മുരുകന്‍ (46), രാമലക്ഷ്മി (40), മയില്‍ സാമി (48), കണ്ണന്‍ (40), അണ്ണാദുരൈ (44), രാജേശ്വരി (43), കൗസല്യ (25), തപസിയമ്മാള്‍ (42), സിന്ധു (13), നിതീഷ് (25), പനീര്‍സെല്‍വം (50), ഗണേശന്‍ (40). ഇവരുടെ നിര്യാണത്തില്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. പരിക്കേറ്റ 3 പേരെ കോലഞ്ചേരി മെഡിക്കല്‍ കോളേജിലും ഒരാളെ മുന്നാറിലെ ടാറ്റ ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.

മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ ആശ്വാസധനമായി സര്‍ക്കാര്‍ നല്‍കും. പരിക്കേറ്റവരുടെ മുഴുവന്‍ ചികിത്സാച്ചെലവും സര്‍ക്കാര്‍ നിര്‍വഹിക്കും.