സര്‍ക്കാര്‍ ഓഫീസുകളിലും സ്ഥാപനങ്ങളിലും പകുതിപ്പേര്‍ ഹാജരാകണം

തിരുവനന്തപുരം: ബുധനാഴ്ച മുതല്‍ എല്ലാ വിഭാഗം ജീവനക്കാരും 50 ശതമാനം പേര്‍ ഓഫീസുകളില്‍ ഹാജരാകേണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ശേഷിക്കുന്ന ജീവനക്കാര്‍ വീടുകളിലിരുന്ന് ഔദ്യോഗിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കേണ്ടതും ആവശ്യമെങ്കില്‍ മേലുദ്യോഗസ്ഥന്റെ നിര്‍ദ്ദേശാനുസരണം ഓഫീസില്‍ എത്തേണ്ടതുമാണ്. പൊതുജനങ്ങള്‍ക്കുള്ള സേവനം നല്‍കാന്‍ ആവശ്യമായ ജീവനക്കാരെ വിന്യസിക്കേണ്ടതാണ്. ഇനി ഒരു ഉത്തരവുണ്ടാകുന്നതുവരെ ശനിയാഴ്ച ദിവസം സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി ദിവസമായിരിക്കും.
തൊട്ടടുത്തുള്ള ജില്ലകളിലേക്ക് ജീവനക്കാര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് യാത്ര ചെയ്യാവുന്നതാണ്. മറ്റു ജില്ലകളില്‍ നിന്നും സ്ഥിരമായി ഓഫീസിലേക്ക് യാത്രചെയ്യുന്നവരുണ്ടെങ്കില്‍ മേലധികാരിയുടെ സാക്ഷ്യപത്രം കയ്യില്‍ കരുതേണ്ടതാണ്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം ഓഫീസുകളില്‍ ഹാജരാകാന്‍ സാധിക്കാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ രണ്ടു ദിവസത്തിനകം ജോലി ചെയ്യുന്ന ജില്ലകളിലേക്ക് മടങ്ങണം. ഇപ്രകാരം യാത്ര ചെയ്യാന്‍ കഴിയാത്തവര്‍ അതത് ജില്ലാ കളക്ടറുടെ മുമ്പില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതും ജില്ലാ കളക്ടര്‍ കോവിഡ് 19 നിര്‍വ്യാപന പ്രവര്‍ത്തനങ്ങള്‍ക്കായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലോ ജില്ലാ കളക്ടറേറ്റിലോ സേവനം ഉപയോഗിക്കേണ്ടതുമാണ്.
കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള നിബന്ധനകള്‍ക്ക് അനുസൃതമായിട്ടായിരിക്കും പ്രവര്‍ത്തിക്കുക.
ഉല്‍പാദന പ്രക്രിയയില്‍ ഏര്‍പ്പെട്ടിരിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ അധിക സാമ്പത്തികബാധ്യത ഇല്ലാതെ ആവശ്യമായ ക്രമീകരണങ്ങള്‍ നടപ്പിലാക്കാവുന്നതാണ്.
വിവാഹച്ചടങ്ങുകള്‍ പരമാവധി 50 ആള്‍ക്കാരെ വച്ചും അനുബന്ധ ചടങ്ങുകള്‍ പരമാവധി 10 പേരെ വച്ചും മാത്രം നടത്തേണ്ടതാണ്.
മരണാനന്തര ചടങ്ങുകള്‍ പരമാവധി 20 ആള്‍ക്കാരെ വെച്ചുമാത്രം നടത്തേണ്ടതാണ്.
വര്‍ക്കിങ് മെന്‍/വിമണ്‍ ഹോസ്റ്റലുകളുടെ സുഗമമായ പ്രവര്‍ത്തനം സ്ഥാപനമേധാവികള്‍ ഉറപ്പാക്കേണ്ടതാണ്.

*പൊതുവായ വ്യവസ്ഥകള്‍*

ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിനുമായി ബന്ധപ്പെട്ട പ്രവര്‍ത്തികള്‍ ഊര്‍ജിതമായി നടത്തേണ്ടതാണ്. കടകളിലും, ബാര്‍ബര്‍ഷോപ്പുകള്‍ അടക്കമുള്ള എല്ലാ അനുവദനീയമായ സ്ഥാപനങ്ങളിലും സാനിറ്റൈസറിന്റെ ഉപയോഗം കൃത്യമായി ഉറപ്പാക്കേണ്ടതാണ്.
അടഞ്ഞു കിടന്ന സ്ഥാപനങ്ങള്‍ ശുചിയാക്കിയശേഷം ബുധനാഴ്ച മുതല്‍ പ്രവര്‍ത്തികള്‍ ആരംഭിച്ചാല്‍ മതിയാകും.
അനുവദനീയമായ എല്ലാ പ്രവൃത്തികളും കൃത്യമായ ശാരീരിക അകലം (6 അടി അഥവാ 1.8 മീറ്റര്‍) പാലിച്ച് മാത്രമെ നിര്‍വ്വഹിക്കാന്‍ പാടുള്ളൂ.
അനുവദനീയമല്ലാത്ത രാത്രി യാത്രകള്‍ ഒഴിവാക്കുന്നതിനായി സിആര്‍പിസി സെക്ഷന്‍ 144 അനുസരിച്ചുള്ള നിരോധിത ഉത്തരവുകള്‍ നടപ്പാക്കുവാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കേണ്ടതാണ്. നേരത്തെ യാത്ര തുടങ്ങി ഏഴുമണിക്കു അവസാനിപ്പിക്കാന്‍ സാധിക്കാത്തവരുടെ രാത്രിയാത്രകള്‍ ഈ ഗണത്തില്‍ പെടുത്തേണ്ടതില്ല.
സ്വര്‍ണ്ണം, പുസ്തകം തുടങ്ങി ഉപഭോക്താക്കളുടെ സ്പര്‍ശനം കൂടുതലായി ഉണ്ടാകുന്ന ഇടങ്ങളില്‍ പരമാവധി ശ്രദ്ധ ചെലുത്തേണ്ടതും അതില്ലാതാക്കാനും അണുവിമുക്തമാക്കുന്നതിനും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതാണ്.
കോവിഡ് 19 നിര്‍വ്യാപനവുമായി ബന്ധപ്പെട്ട് ജോലിസ്ഥലങ്ങളില്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉത്തരവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഞായറാഴ്ച പൂര്‍ണ്ണമായും ലോക്ക്ഡൗണ്‍ പാലിക്കേണ്ടതാണ്. തുടര്‍ പ്രവര്‍ത്തനം ആവശ്യമായ നിര്‍മാണ യൂണിറ്റുകളും അവയുടെ സപ്ലൈ ചെയിനുകളും.
ചരക്ക് വാഹനങ്ങളുടെ ഗതാഗതം അനുവദിക്കും.
ആരാധനയുടെ ഭാഗമായി കര്‍മ്മങ്ങളും ആചാരങ്ങളും നടത്താന്‍ ചുമതലപ്പെട്ടവര്‍ക്ക് ആരാധനാലയങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള അനുവാദം.
പ്രഭാത നടത്തം/സൈക്ലിങ് എന്നിവ അനുവദിക്കാവുന്നതാണ്.

മറ്റ് അടിയന്തര ഘട്ടങ്ങളില്‍ ജില്ലാ അധികാരികളുടെ/പൊലീസ് വകുപ്പിന്റെ പാസ്സിന്റെ അടിസ്ഥാനത്തില്‍ മാത്രമെ ഞായറാഴ്ചകളില്‍ യാത്രചെയ്യാന്‍ പാടുള്ളൂ.
എല്ലാ ജില്ലകളിലും ആവശ്യമെങ്കില്‍ ഈമാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കുപരിയായുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് അധികാരം ഉണ്ടായിരിക്കും. കണ്ടെയിന്‍മെന്റ് സോണുകളില്‍ പ്രത്യേക ശ്രദ്ധ ചെലുത്താനും ആവശ്യമായ നിയന്ത്രണം കൊണ്ടുവരാനും ബന്ധപ്പെട്ട അധികാരികള്‍ ശ്രദ്ധിക്കേണ്ടതാണ്.
ലോക്ക്ഡൗണുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ഏതെങ്കിലും ആളുകള്‍ ലംഘിക്കുകയാണെങ്കില്‍ 2005ലെ ദുരന്തനിവാരണ നിയമത്തിന്റെ 51 മുതല്‍ 60 വരെയുള്ള വകുപ്പുകള്‍ പ്രകാരവും, ഇന്ത്യന്‍ പീനല്‍ കോഡിന്റെ 188-ാം വകുപ്പ് പ്രകാരവും, ഉചിതമായ മറ്റ് ചട്ടങ്ങള്‍ പ്രകാരവും നിയമനടപടികള്‍ക്ക് വിധേയനാകേണ്ടിവരും. നിര്‍വ്വഹണച്ചുമതലയുള്ള എല്ലാ വിഭാഗങ്ങളും മുകളിലുള്ള നിര്‍ദ്ദേശങ്ങള്‍ കൃത്യമായി നടപ്പാക്കേണ്ടതാണ്.