കേരളത്തില്‍ 42 പേര്‍ക്ക് കൊവിഡ്, ഇത്രയും രോഗികള്‍ ഇതാദ്യം, എല്ലാവരും പുറത്തുനിന്നു വന്നവര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച കോവിഡ്19 സ്ഥിരീകരിച്ചത് 42 പേര്‍ക്ക്. ഇതാദ്യമായാണ് ഇത്രയധികം കേസുകള്‍ കേരളത്തില്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്നത്. കോവിഡ്19 അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. കണ്ണൂര്‍ 12, കാസര്‍കോട് 7, കോഴിക്കോട് 5, പാലക്കാട് 5, തൃശ്ശൂര്‍ 4, മലപ്പുറം 4, കോട്ടയം 2, കൊല്ലം 1, പത്തനംതിട്ട 1, വയനാട് 1 എന്നിങ്ങനെയാണ് കണക്കുകള്‍.
രണ്ടു പേര്‍ രോഗമുക്തി നേടി. പോസിറ്റീവായതില്‍ 21 പേര്‍ മഹാരാഷ്ട്രയില്‍നിന്ന് വന്നതാണ്. തമിഴ്‌നാട്, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളില്‍നിന്ന് വന്ന ഒരോരുത്തര്‍ക്കും രോഗബാധയുണ്ടായി. വിദേശത്തുനിന്ന് വന്ന 17 പേര്‍ കോവിഡ് 19 പോസിറ്റീവായിട്ടുണ്ട്. കണ്ണൂരില്‍ ഒരാള്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. കോഴിക്കോട് ഒരു ഹെല്‍ത്ത് വര്‍ക്കര്‍ക്കാണ് രോഗബാധ.
ഇതുവരെ 732 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 216 പേര്‍ നിലവില്‍ ചികിത്സയിലാണ്. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. 84,258 പേരാണ് നിരീക്ഷണത്തിലുള്ളത്. 83,649 പേര്‍ വീടുകളിലോ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലോ ആണ്. 609 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 162 പേരെ ഇന്ന് മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.</p>
ഇതുവരെ 51310 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 49535 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാവിഭാഗത്തില്‍പ്പെട്ട 7,072 സാമ്പിള്‍ ശേഖരിച്ചതില്‍ 6,630 സാമ്പിളുകള്‍ നെഗറ്റീവായി. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 36 പേര്‍ വീതമാണ് ചികിത്സയിലുള്ളത്. പാലക്കാട് 26, കാസര്‍കോട് 21, കോഴിക്കോട് 19, തൃശ്ശൂര്‍ 16 ഇങ്ങനെയാണ് കൂടുതല്‍ പേര്‍ ചികിത്സയിലുള്ള മറ്റു ജില്ലകള്‍. 28 ഹോട്ട്‌സ്‌പോട്ടുകളാണ് സംസ്ഥാനത്തുള്ളത്. തൃശ്ശൂരില്‍ കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ച ഖദീജക്കുട്ടിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.</p>
തൊഴിലുമായി ബന്ധപ്പെട്ട് വിദേശത്ത് പോകേണ്ടവര്‍ക്കായി പ്രത്യേക പോര്‍ട്ടല്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിധ രാജ്യങ്ങളിലേക്ക് പോകേണ്ടവര്‍ക്ക് ആരോഗ്യ പരിശോധന സര്‍ട്ടിഫിക്കറ്റുകള്‍ ഇതിലൂടെ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.