കവളപ്പാറയില്‍ നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി; ഇനിയും കണ്ടെത്താനുള്ളത് 26 പേരെ

നിലമ്പൂര്‍:തെരച്ചിൽ തുടരുന്ന കവളപ്പാറയില്‍ നിന്നും ഇന്ന് മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതോടെ ഉരുൾപൊട്ടൽ നാശം വിതച്ച ഇവിടെ നിന്നും ഇതുവരെ വീണ്ടെടുത്ത മൃതദേഹങ്ങളുടെ എണ്ണം 33 ആയി.

ഇനിയും 26 പേരെ കൂടി കണ്ടെത്താനുണ്ട്. ആകെ 59 പേര്‍ കവളപ്പാറയില്‍ കുടുങ്ങി കിടക്കുന്നുവെന്നാണ് കണക്ക്. ഉരുള്‍പൊട്ടല്‍ വന്‍നാശം വിതച്ച കവളപ്പാറയില്‍ ഇന്ന് രാവിലെ ഏഴരയോടെയാണ് തെരച്ചില്‍ ആരംഭിച്ചത്. മഴ മാറി നിന്നതിനെ തുടര്‍ന്ന് ദ്രുതഗതിയിലാണ് ഇന്ന് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.

14 മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചു കൊണ്ട് നാല് ടീമുകളായി തിരിഞ്ഞാണ് ദുരന്തഭൂമിയില്‍ ഇപ്പോള്‍ തെരച്ചില്‍ പുരോഗമിക്കുന്നത്.