എടിഎമ്മുകളില്‍ നാലിലൊന്നിലും പണംതട്ടിപ്പിന് സാദ്ധ്യതയെന്ന് സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് പൊതുമേഖലാ ബാങ്കുകളുടെ എടിഎമ്മുകളില്‍ നാലിലൊന്നും പണംതട്ടിപ്പില്‍ നിന്ന് സുരക്ഷിതമല്ലെന്ന് ഗവണ്‍മെന്റ് തന്നെ സമ്മതിച്ചിരിക്കുന്നു. ഇവയിലെ പണമിടപാടില്‍ 74 ശതമാനവും നടക്കുന്നത് കാലഹരണപ്പെട്ട സോഫ്റ്റ്‌വെയറിലൂടെ ആയതാണ് റിസ്‌കിന്റെ കാരണം. ഈ എടിഎമ്മില്‍ നിന്ന് മിടുക്കന്മാര്‍ക്ക് പണം വ്യാജ കാര്‍ഡുകളിലൂടെ ചോര്‍ത്താനാകും. ഇവയ്ക്ക് ഒരു സുരക്ഷയുമില്ല. നിരവധി പഴുതുകളുണ്ടുതാനും.

പാര്‍ലമെന്റിലെ ഒരു ചോദ്യത്തിനുത്തരമായിട്ടാണ് ഈ വിവരങ്ങള്‍ സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍, സ്വകാര്യ ബാങ്കുകളുടെ എടിഎമ്മുകളെപ്പറ്റി സര്‍ക്കാര്‍ ഒരു വിവരവും പുറത്തുവിട്ടിട്ടില്ല. രാജ്യത്തുള്ള എടിഎമ്മുകളില്‍ 89 ശതമാനവും പൊതുമേഖലാ ബാങ്കുകളുടേതാണ്. സ്വകാര്യ ബാങ്കുകള്‍ ധാരാളം വന്നെങ്കിലും രാജ്യത്തെ ബാങ്കിംഗ് ബിസിനസില്‍ 70 ശതമാനവും പൊതുമേഖലാ ബാങ്കുകളിലാണ് നടക്കുന്നത്.

അടുത്തിടെ റിസര്‍വ് ബാങ്ക് നല്‍കിയ നിര്‍ദ്ദേശമനുസരിച്ച് സമയബന്ധിതമായി എടിഎമ്മുകള്‍ പരിഷ്‌കരിക്കണം. എന്നാല്‍ ബാങ്കര്‍മാര്‍ പറയുന്നത് അതിന് കൂടുതല്‍ സമയമെടുക്കുമെന്നാണ്. പാര്‍ലമെന്റില്‍ നല്‍കിയ കണക്കുപ്രകാരം, 2017 ജൂലായ്ക്കും 2018 ജൂണിനുമിടയില്‍ ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകളുമായി ബന്ധപ്പെട്ട് 25000 പരാതികള്‍ ബാങ്കിംഗ് ഓംബുഡ്‌സ്മാന് കിട്ടി.