കോഴിക്കോട്ട് ഒരു വീട്ടില്‍ അഞ്ചിലേറെ രോഗികളുള്ള 24 കുടുംബങ്ങള്‍

തിരുവനന്തപുര : കോഴിക്കോട് ഒരു വീട്ടില്‍ തന്നെ അഞ്ചിലേറെ പേര്‍ രോഗികളായ 24 വീടുകള്‍ കോര്‍പറേഷന്‍ പരിധിയിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തി. പുറത്തു പോയി വരുന്നവര്‍ വീടുകള്‍ക്കുള്ളിലും കോവിഡ് മുന്‍കരുതല്‍ സ്വീകരിക്കേണ്ടത് നിര്‍ബന്ധമാണ്. മത്സ്യബന്ധനത്തിനു എത്തിയ 68 അതിഥി തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയുണ്ടായി. അതിഥി തൊഴിലാളികള്‍ മത്സ്യബന്ധനത്തിനു എത്തി കടലില്‍ തന്നെ ബോട്ടില്‍ കഴിഞ്ഞുകൂടുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാതേയും പാസ് ഇല്ലാതെയും വരുന്ന തൊഴിലാളികളെ മത്സ്യബന്ധനത്തിനു അനുവദിക്കില്ല. ബേപ്പൂര്‍ മേഖലയില്‍ പൊലിസ് നിരീക്ഷണം ശക്തിപ്പെടുത്തും.

കോഴിക്കോട് ബീച്ച് ആശുപത്രി കോവിഡ് ആശുപത്രിയാക്കി മാറ്റി. ആശുപത്രിയിലെ ഡയാലിസ് സെന്റര്‍ അവിടെ നിലനിര്‍ത്തിയിട്ടുണ്ട്. രോഗികളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ കോവിഡ് വാര്‍ഡുമായി യാതൊരു ബന്ധവുമില്ലാത്ത രീതിയില്‍ ഡയാലിസിസ് സെന്ററിലേക്ക് ആശുപത്രിക്ക് ഉള്ളില്‍ നിന്നുള്ള പ്രവേശനം പൂര്‍ണമായും അടച്ചു. ആശുപത്രി കോമ്പൗണ്ടില്‍ നിന്നും നേരെ ഡയാലിസിസ് സെന്ററിലേക്ക് പ്രവേശിക്കാന്‍ റാമ്പ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
കണ്ണൂര്‍ ജില്ലയിലെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്, ഡിഎസ്‌സി, ആസ്റ്റര്‍ മിംസ് എന്നിവിടങ്ങളില്‍ സ്ഥിതി നിയന്ത്രണ വിധേയമാണ്. സമ്പര്‍ക്കം വഴിയുള്ള രോഗബാധ കൂടുതല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ചക്കരക്കല്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ കൂടുതല്‍ പ്രദേശങ്ങള്‍ പൂര്‍ണമായി അടച്ചിട്ടു.
പത്തു ദിവസത്തിനകം 1146 രോഗികളിലാണ് കാസര്‍കോട് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. കാസര്‍കോട് ബീച്ച് ക്ലസ്റ്ററുമായി ബന്ധപ്പെട്ടവരിലുള്ള രോഗ ബാധ വര്‍ദ്ധിക്കുകയാണ്. ഇതുവരെയായി കാസര്‍കോട് ബീച്ച് ക്ലസ്റ്ററില്‍ മാത്രം 128 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.