20000 കോടി രൂപയുടെ പാക്കേജ് നടപ്പാക്കിയതായി മുഖ്യമന്ത്രി

തിരുവനന്തപുരം: ഒരാള്‍ പോലും പട്ടിണി കിടക്കരുത്. ഒരു ജീവിപോലും നമ്മുടെ കരുതലിന് പുറത്തായികൂടാ. ലോക്ഡൗണ്‍ ഘട്ടമായാലും അണ്‍ലോക്ക് ഘട്ടമായാലും സര്‍ക്കാരിന്റെ നിലപാട് ഇതായിരുന്നു. ലോക്ഡൗണ്‍ ഉണ്ടാക്കുന്ന അതിഗുരുതരമായ സാമ്പത്തിക സാഹചര്യമുണ്ട്. ആ സാഹചര്യത്തെ മറികടക്കാന്‍ 20,000 കോടി രൂപയുടെ പാക്കേജാണ് സംസ്ഥാനം നടപ്പാക്കിയത്. 60 ലക്ഷം പേര്‍ക്ക് സാമൂഹ്യസുരക്ഷാ ക്ഷേമപെന്‍ഷനുകള്‍ കുടിശ്ശികയില്ലാതെ വിതരണം ചെയ്തു.

ക്ഷേമപെന്‍ഷന്‍ കിട്ടാത്ത പതിനഞ്ചു ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് 1000 രൂപ വീതം ധനസഹായം വിതരണം ചെയ്തു. വിവിധ ക്ഷേമനിധികളിലെ അംഗങ്ങള്‍ക്ക് ധനസഹായം വേറെയും നല്‍കി. കുടുംബശ്രീ വഴി മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതിയില്‍ 2000 കോടി രൂപ വിതരണം ചെയ്യാനാണ് പദ്ധതി തയ്യാറാക്കിയത്. അതില്‍ 1,84,474, പേര്‍ക്കായി 1742.32 കോടി രൂപ ഇതിനകം വിതരണം ചെയ്തു.

പൊതുവിതരണ സംവിധാനം വഴി 85 ലക്ഷം കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ സൗജന്യമായി വിതരണം ചെയ്തു. ഇതോടൊപ്പം പലവ്യഞ്ജന കിറ്റുകളും സൗജന്യമായി നല്‍കി. അങ്കന്‍വാടികളില്‍ നിന്നും നല്‍കുന്ന പോഷകാഹാരം കുട്ടികള്‍ക്ക് വീടുകളില്‍ എത്തിച്ചു നല്‍കി. 26 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഭക്ഷ്യധാന്യ കിറ്റും വിതരണം ചെയ്തു. സമൂഹ അടുക്കള വഴി ലോക്ഡൗണ്‍ ഘട്ടത്തില്‍ ബുദ്ധിമുട്ട് അനുഭവിച്ചവര്‍ക്ക് സൗജന്യമായും അല്ലാതെയും ഭക്ഷണവിതരണം നടത്തി. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ കുറഞ്ഞ നിരക്കില്‍ ഭക്ഷണം നല്‍കുന്ന ജനകീയ ഭക്ഷണശാലകള്‍ ആരംഭിച്ചു.

ജനങ്ങള്‍ക്ക് അധികഭാരമില്ലാതെ ഈ കാലഘട്ടത്തെ മറികടക്കുന്നതിനു വേണ്ടിയുള്ള ക്രമീകരണങ്ങളും സര്‍ക്കാര്‍ ഒരുക്കിയിരുന്നു. ഐടി, വ്യവസായം, ചെറുകിട വ്യവസായം, സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ വാടകയ്ക്കുള്ള വ്യാപാരികള്‍ ഇങ്ങനെയുള്ളവര്‍ക്കെല്ലാം ആവശ്യമായ ഇളവുകള്‍ ഈ ഘട്ടങ്ങളില്‍ നല്‍കി. ഇത്തരം ഇടപെടലുകള്‍ അണ്‍ലോക്ക് ഘട്ടത്തിലും തുടരുകയാണ്. കാര്‍ഷിക മേഖലയില്‍ സുഭിക്ഷ കേരളം പദ്ധതി ആരംഭിച്ചത് തൊഴില്‍ മേഖലയിലും ഉല്‍പാദനമേഖലയിലുമുള്ള മാന്ദ്യത്തെ മറികടക്കുകയെന്ന ലക്ഷ്യത്തോടെയാണ്. കാര്‍ഷിക മേഖലയില്‍ വലിയ ഉണര്‍വ് സുഭിക്ഷ കേരളം പദ്ധതി സാധ്യമാക്കിയിട്ടുണ്ട്.

രണ്ടുമാസത്തെ ക്ഷേമപെന്‍ഷനും സാമൂഹ്യസുരക്ഷാ പെന്‍ഷനും ഇപ്പോള്‍ വിതരണം ചെയ്തുകൊണ്ടിരിക്കുകയാണ്. ഓണത്തിനു മുന്നോടിയായി സൗജന്യ ഭക്ഷണകിറ്റ് നല്‍കുന്ന പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. ഇങ്ങനെയെല്ലാം സാധ്യമായ എല്ലാ ഇടപെടലുകളും നടത്തിയ ആറു മാസങ്ങളാണ് നാം പിന്നിടുന്നത്. കോവിഡിനോടൊപ്പം തന്നെ ഇനിയും നാം സഞ്ചരിക്കേണ്ടിവരുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. അതിന് സജ്ജമാകുക എന്നതാണ് പ്രധാനം.