കുഴൽകിണറിൽ വീണ കുഞ്ഞ് യാത്രയായി; അഴുകിത്തുടങ്ങിയ മൃതദേഹം പുറത്തെടുത്തു

തിരുച്ചിറപ്പള്ളി: തമിഴ്‌നാട് തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടു വയസ്സുകാരന്‍ സുജിത് മരിച്ചു. അഴുകിത്തുടങ്ങിയ മൃതദേഹം കുഴല്‍ക്കിണറിലൂടെ തന്നെ പുറത്തെടുത്തു.

നാലുദിവസമായി രക്ഷാപ്രവര്‍ത്തനം തുടരുകയായിരുന്നു. വെള്ളിയാഴ്ചയായിരുന്നു സുജിത്ത് കുഴല്‍ക്കിണറില്‍ വീണത്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം കുട്ടിയുടെ മൃതദേഹം കുടുംബത്തിനു വിട്ടു നല്‍കി.

സമാന്തരകുഴിയെടുത്ത് രക്ഷിക്കാനുള്ള ശ്രമങ്ങള്‍ എന്‍ഡിആര്‍എഫിന്റെ നേതൃത്വത്തില്‍ നടന്നു വരികയായിരുന്നു. എന്നാല്‍ കുഴല്‍കിണറില്‍ നിന്ന് അഴുകിയ ഗന്ധം വന്നതിനെ തുടര്‍ന്ന് കുഞ്ഞ് മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. പിന്നീട് സമാന്തരമായി കുഴിയെടുക്കുന്നത് നിര്‍ത്തി വെച്ച് കുഴല്‍കിണറിനുള്ളില്‍ കൂടെ തന്നെ കുട്ടിയുടെ മൃതദേഹം പുലര്‍ച്ചയോടെ പുറത്തെടുത്തു.

വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് ബ്രിട്ടോ – കലൈമേരി ദമ്പതിമാരുടെ ഇളയമകനായ സുജിത് 600 അടി താഴ്ചയുള്ള കുഴല്‍ക്കിണറിലേക്ക് വീണത്. ആദ്യം 25 അടി താഴ്ചയിലായിരുന്ന കുട്ടി ഘട്ടംഘട്ടമായാണ് 90 അടി താഴ്ചയിലെത്തിയത്. തുടര്‍ന്ന് നാലരദിവസമായി കൂട്ടിയെ ജീവനോടെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയായിരുന്നു

ചൊവ്വാഴ്ച പുലര്‍ച്ചെ 4.25 ഓടുകൂടിയാണ് കുട്ടിയുടെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമത്തിനിടെ വീണ്ടും കുഞ്ഞ് ആറടിയോളം താഴേക്ക് വീണു. പിന്നീട് മൃതദേഹത്തിന്റെ ഭാഗങ്ങള്‍ ഘട്ടം ഘട്ടമായി പുറത്തെടുക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.

രക്ഷാപ്രവര്‍ത്തനം നടത്തിയ ദേശീയ ദുരന്ത നിവാരണ സേന അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കി. കുട്ടി മരിച്ചുവെന്നും മൃതദേഹം അഴുകി തുടങ്ങിയ നിലയിലാണെന്നും തമിഴ്നാട് റവന്യു സെക്രട്ടറി ജി. രാധാകൃഷ്ണന്‍ അറിയിച്ചു. ഞായറാഴ്ച രാത്രി 10.30 ഓടെ കുഴല്‍ കിണറിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ 5 മണിവരെ കുട്ടിയുടെ പ്രതികരണം ഉണ്ടായിരുന്നു. പിന്നീട് കുട്ടി അബോധാവസ്ഥയിലാവുകയായിരുന്നു.