കരിപ്പൂര്‍ വിമാനാപകടം: മരിച്ചത് 18 പേര്‍, 14 പേരുടെ നില ഗുരുതരം

കരിപ്പൂര്‍: കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ ഇതുവരെ 18 പേര്‍ മരിക്കുകയും 170 യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്താ. പരിക്കേറ്റവരില്‍ 14 പേരുടെ നില ഗുരുതരമാണെന്ന് മലപ്പുറം ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. മരിച്ചവരില്‍ പൈലറ്റും കോ പൈലറ്റും ഉള്‍പ്പെടുന്നു.
വിമാനത്തിലെ ഡിജിറ്റര്‍ ഫ്‌ലൈറ്റ് ഡാറ്റാ റെക്കോഡര്‍ അഥവാ ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയതായി ഡിജിസിഎ.കോക്പിറ്റ് വോയിസ് റെക്കോഡര്‍ കണ്ടെത്താനുള്ള ശ്രമം തുടരുന്നുവെന്നും ഡിജിസിഎ അറിയിച്ചു.
പരിക്കേറ്റവരില്‍ ചിലര്‍ വെന്റിലേറ്ററില്‍ തുടരുമ്പോള്‍ ചിലരുടെ ശസ്ത്രക്രിയ നടന്നുകൊണ്ടിരിക്കുകയാണെന്നും കുറച്ച് പേരുടെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയെന്നും കളക്ടര്‍ വ്യക്തമാക്കി.190 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ ആറു പേര്‍ വിമാന ജീവനക്കാരാണ്.
ഗുരുതരമായി പരിക്കേറ്റവരെ ബേബി മെമ്മോറിയല്‍ ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും ആണ് പ്രവേശിപ്പിച്ചത്. 18 മൃതദേഹങ്ങളും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റമാര്‍ട്ടം നടത്തുകയാണ്. വൈകിട്ട് മൂന്നുമണിക്ക് പോസ്റ്റമോര്‍ട്ടം തീരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് എത്രയും വേഗം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും.