മുത്തൂറ്റ് കേരളത്തിലെ 15 ശാഖകൾ നിര്‍ത്തുന്നു; പഴയ ഇടപാട് തീര്‍ക്കാന്‍ മൂന്ന് മാസ കാലാവധി

തിരുവനന്തപുരം: കേരളത്തിലെ 15 ശാഖകൾ നിർത്താൻ മുത്തൂറ്റ് ഫിനാൻസ് തീരുമാനം. പത്രപരസ്യത്തിലൂടെയാണ് മുത്തൂറ്റ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ ശാഖകളിൽ ഇന്ന് മുതൽ സ്വർണ പണയത്തിൻമേൽ വായ്പ നൽകില്ല. ശാഖകൾ പൂട്ടുന്നതിന്‍റെ കാരണം പരസ്യത്തിൽ വ്യക്തമാക്കിയിട്ടില്ല. തൊഴിലാളി സമരം തുടരുന്നതിനിടെയാണ് മുത്തൂറ്റിന്റെ 15 ശാഖകള്‍ പൂട്ടുന്നതായുള്ള പരസ്യം പ്രത്യക്ഷപ്പെടുന്നത്.

പുതിയതായി വരുന്ന ഗോള്‍ഡ് ലോണുകള്‍ ഇനി സ്വീകരിക്കില്ലെന്നും 15 ശാഖകള്‍ പൂട്ടുന്നുവെന്നുമാണ് പരസ്യം. എറണാകുളം കതൃക്കടവ്, പനങ്ങാട്, കങ്ങരപ്പടി, പൊന്നാരിമംഗലം, തിരുവനന്തപുരം ഉള്ളൂര്‍, പെരിങ്ങമല, പുനലൂര്‍, കൊട്ടാരക്കര, ഭരണിക്കാവ്, തെങ്ങണ,കുമളി കൊളുത്ത് പാലം, പതിരിപാല, പാലക്കാട് സുല്‍ത്താന്‍പേട്ട, കോട്ടക്കല്‍ ചങ്കുവെട്ടി,മലപ്പുറം എന്നീ ശാഖകളാണ് നിര്‍ത്തുന്നത്. പണയം വച്ച വസ്തുക്കള്‍ തിരിച്ചെടുത്ത് വായ്പ തീര്‍ക്കാന്‍ ഇടപാടുകാര്‍ക്ക് മൂന്ന് മാസത്തെ സമയമുണ്ടെന്നാണ് അറിയിപ്പ്.

ബോണ്ട് അടക്കമുള്ള എല്ലാ ഇടപാടുകളെക്കുറിച്ചും വ്യക്തിപരമായി അറിയിക്കുമെന്നും ഉപഭോക്താക്കള്‍ നേരിട്ട പ്രയാസത്തില്‍ വേദനയുണ്ടെന്നുമാണ് പരസ്യത്തിന്റെ ഉള്ളടക്കം.

ഇന്നലെ മുത്തൂറ്റ് ഓഫീസിലേക്കുള്ള സി.ഐ.ടി.യു മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായിരുന്നു. സമരം മറികടന്ന് ജോലിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച് ജീവനക്കാര്‍ രാവിലെ മുതല്‍ മൂത്തൂറ്റ് ഓഫീസിന് മുന്നില്‍ എത്തിയപ്പോള്‍. സി.ഐ.ടി.യു പ്രവര്‍ത്തകര്‍ അവരെ തടയുകയായിരുന്നു. അതാണ് സംഘര്‍ഷത്തിലേക്ക് എത്തിയത്.

സമരം സങ്കീർണമാകുന്ന സാഹചര്യത്തിൽ പ്രഴ്നപരിഹാരത്തിനായി ഇന്ന് തൊഴിൽ മന്ത്രി ടി പി രാമകൃഷ്ണന്‍റെ നേതൃത്വത്തിൽ ചർച്ച നടക്കും. വൈകീട്ട് മൂന്ന് മണിക്ക് തിരുവനന്തപുരത്ത് വച്ചാണ് ചർച്ച. തൊഴിലാളി സംഘടനാ പ്രതിനിധികളും മൂത്തൂറ്റ് ഫിനാൻസ് പ്രതിനിധികളും ചർച്ചയിൽ പങ്കെടുക്കും.

കഴിഞ്ഞ മൂന്നുവര്‍ഷമായി മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡില്‍ സി.ഐ.ടി.യു നേതൃത്വത്തില്‍ തൊഴിലാളികളുടെ സമരം നടന്നുവരികയാണ്. കേരളത്തിലാകെ 600 ഓളം ശാഖകളാണ് മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡിനുള്ളത്. ഇതില്‍ 300 ഓളം ശാഖകളിലാണ് സമരം നടക്കുന്നത്. ഈ ബ്രാഞ്ചുകള്‍ പൂട്ടാനാണ് തീരുമാനം എന്നായിരുന്നു മാനേജ്‌മെന്റ് അറിയിച്ചത്.

പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി കാണിച്ചുകൊണ്ട് മുന്നൂറോളം ബ്രാഞ്ചുകള്‍ക്ക് മുത്തൂറ്റ് സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്. രണ്ടായിരത്തലധികം ജീവനക്കാരുടെ തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്.