കരിപ്പൂര്‍ ദുരന്തം: 149 പേര്‍ ആശുപത്രികളില്‍, 23 പേര്‍ ആശുപത്രി വിട്ടു

തിരുവനന്തപുരം: കരിപ്പൂരില്‍ വിമാനദുരന്തത്തില്‍പ്പെട്ടവരില്‍ 149 പേര്‍ ആശുപത്രികളിലുണ്ടെന്ന് അവിടം സന്ദര്‍ശിച്ചെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ പതിവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അതില്‍ 23 പേര്‍ക്ക് ഗുരുതര പരിക്കുകളുണ്ട്. ഇതുവരെ 23 യാത്രക്കാരെ ഡിസ്ചാര്‍ജ് ചെയ്തു. തമിഴ്നാട്, തെലങ്കാന സ്വദേശികളായ യാത്രക്കാരുണ്ട്.

കോവിഡ് ഭീഷണി ഉണ്ടായിരുന്നിട്ടും പോസ്റ്റുമോര്‍ട്ടം പ്രക്രിയ ത്വരിതപ്പെടുത്തി.  മരണപ്പെട്ടവര്‍ ഉള്‍പ്പെടെ അപകടത്തില്‍പ്പെട്ടവരെയെല്ലാം കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും.
മരിച്ചവരില്‍ ഒരാള്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.

അപകടം നടന്ന ഉടന്‍ തന്നെ പ്രദേശവാസികളുടെയും ഫയര്‍ഫോഴ്സ്, പൊലീസ്, റവന്യു, സിഐഎസ്എഫ്, ആരോഗ്യവകുപ്പ്, ട്രോമാ കെയര്‍ വളണ്ടിയര്‍മാരുടെയും സഹായത്തോടെ അപടകത്തില്‍പ്പെട്ടവരെ വിവിധ ആശുപത്രികളിലെത്തിച്ച് ചികിത്സ ലഭ്യമാക്കി. തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്തീന്‍, മലപ്പുറം കോഴിക്കോട് ജില്ലാ കലക്ടര്‍മാര്‍ എന്നിവര്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ഫലപ്രദമായ നേതൃത്വം നല്‍കി. അപകടത്തില്‍പ്പെട്ടവരെ ആശുപത്രികളിലെത്തിക്കുന്നതിനായി ആംബുലന്‍സുകളും ടാക്സിസ്വകാര്യ വാഹനങ്ങളും സജീവമായി രംഗത്തിറങ്ങി. അപകടത്തില്‍പ്പെട്ടവര്‍ക്ക് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളിലാണ് വിദഗ്ധ ചികിത്സ ലഭ്യമാക്കിയിരിക്കുന്നത്.

വിമാനാപകടം സംഭവിച്ചപ്പോള്‍ തന്നെ സമീപം താമസിക്കുന്ന പൊതുജനങ്ങളും പൊതുപ്രവര്‍ത്തകരും സ്തുത്യര്‍ഹമായ ഇടപെടലാണ് നടത്തിയത്. രക്ഷാപ്രവര്‍ത്തനം അത്ഭുതകരമായ വേഗത്തിലാണ് പൂര്‍ത്തിയാക്കിയത്. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട എല്ലാവരേയും ഹാര്‍ദമായി അഭിനന്ദിക്കുന്നു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നു. പരിക്കേറ്റവര്‍ക്ക് എളുപ്പം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു.