മാസ്‌ക് ധരിക്കാത്ത 1344 പേര്‍ക്കെതിരെ കേസ്, ക്വാറന്റൈന്‍ ലംഘിച്ച് 16 പേര്‍

തിരുവനന്തപുരം: മാസ്‌ക്ക് ധരിക്കാത്തതിന് സംസ്ഥാനത്ത് ഇന്ന് 1344 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്റൈന്‍ ലംഘിച്ച 16 പേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.
കണ്ടെയിന്‍മെന്റ് മേഖലകളില്‍ ഒഴികെ രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെ ജില്ലവിട്ട് യാത്രചെയ്യുന്നതിന് നിലവിലുള്ള പാസ് സംവിധാനം നിര്‍ത്തലാക്കും. എന്നാല്‍, അത്യാവശ്യകാര്യങ്ങള്‍ക്ക് രാത്രി ഏഴിനും രാവിലെ ഏഴിനും ഇടയില്‍ യാത്ര ചെയ്യുന്നവര്‍ നിര്‍ബന്ധമായും പൊലീസ് പാസ് വാങ്ങേണ്ടതാണ്. ഹോട്ടലിലും മറ്റും നിന്ന് രാത്രി പത്തുമണി വരെ ഭക്ഷണം പാഴ്‌സലായി വാങ്ങാന്‍ അനുവാദം നല്‍കി.
കോവിഡ് 19 ബാധയുണ്ടെന്ന് വ്യക്തമായിട്ടും അത് മറച്ചുവെച്ച് അബുദാബിയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തുകയും അസുഖബാധ അധികൃതരെ അറിയിക്കാതിരിക്കുകയും ചെയ്ത മൂന്നു പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പൊലീസിന്റെ പ്രവര്‍ത്തനക്രമത്തില്‍ മാറ്റം വരുത്തുന്നതിന്റെ ഭാഗമായി പൊലീസ് സ്റ്റേഷനുകളില്‍ ഡ്യൂട്ടിയില്‍ ഉള്ളവരുടെ എണ്ണം പകുതിയാക്കി കുറച്ചുകൊണ്ടുള്ള സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ നിലവില്‍ വന്നു. ഇതുമൂലം പൊലീസിന്റെ പ്രവര്‍ത്തനത്തില്‍ യാതൊരുവിധത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്.