123 പേര്‍ക്ക് ഇന്ന് കൊവിഡ്, 53 പേര്‍ക്ക് രോഗമുക്തി, വെളിയില്‍നിന്നു വന്നവര്‍ 117 പേര്‍

തിരുവനന്തപുരം: 123 പേര്‍ക്കാണ് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 53 പേര്‍ രോഗമുക്തി നേടി.
രോഗം ബാധിച്ചവരില്‍ 84 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 33 പേര്‍. സമ്പര്‍ക്കം 6.
പാലക്കാട് 24, ആലപ്പുഴ 18, പത്തനംതിട്ട 13, കൊല്ലം 13, എറണാകുളം 10, തൃശൂര്‍ 10, കണ്ണൂര്‍ 9, കോഴിക്കോട് 7, മലപ്പുറം 6, കാസര്‍കോട് 4, ഇടുക്കി 3, തിരുവനന്തപുരം 2, കോട്ടയം 2, വയനാട് 2 എന്നിങ്ങനെയാണ് പരിശോധനാ ഫലം പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.പത്തനംതിട്ട 9, ആലപ്പുഴ 3, കോട്ടയം 2, ഇടുക്കി 2, എറണാകുളം 2, തൃശൂര്‍ 3, പാലക്കാട് 5, മലപ്പുറം 12, കോഴിക്കോട് 6, കണ്ണൂര്‍ 1, കാസര്‍കോട് 8 എന്നിങ്ങനെയാണ് ഫലം നെഗറ്റീവായത്.
കഴിഞ്ഞ 24 മണിക്കൂറിനകം 5240 സാമ്പിളുകള്‍ പരിശോധിച്ചു. ഇതുവരെ 3726 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളത് 1761 പേരാണ്. 1,59,616 പേരാണ് നിരീക്ഷണത്തിലുള്ളത്. 2349 പേര്‍ ആശുപത്രികളില്‍. ഇന്നു മാത്രം 344 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 1,56,401 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 4182 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്. ടെസ്റ്റിന്റെ എണ്ണം പടിപടിയായി വര്‍ധിപ്പിക്കുന്നുണ്ട്. ജൂലൈയില്‍ ദിവസം 15,000 ടെസ്റ്റുകള്‍ നടത്തുന്നതിലേക്ക് എത്താനാണ് ശ്രമിക്കുന്നത്.
ഇതുവരെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 41,944 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 40,302 നെഗറ്റീവായിട്ടുണ്ട്. സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 113.
കോവിഡ് വ്യാപനത്തെക്കുറിച്ച് വിദഗ്ധര്‍ നല്‍കുന്ന പുതിയ വിവരങ്ങള്‍ സുരക്ഷാ മുന്‍കരുതലുകള്‍ കൂടുതല്‍ ശക്തമാക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. വിദേശത്തുനിന്നു വരുന്നവരോട് ക്വാറന്റൈന്‍ വിട്ടുവീഴ്ചയില്ലാതെ പാലിക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്നത് അതിന്റെ ഭാഗമായാണ്.
പുറമേനിന്നു വന്ന കേസുകളില്‍ 7 ശതമാനം പേരില്‍ നിന്നു മാത്രമാണ് രോഗം പടര്‍ന്നത്. അതായത് 93 ശതമാനം ആളുകളില്‍ നിന്നും രോഗം ഒരാളിലേക്കു പോലും വ്യാപിക്കാതെ നമുക്ക് തടയാന്‍ സാധിച്ചു. ഇതു ഹോം ക്വാറന്റൈന്‍ സംവിധാനത്തിന്റെ വിജയമാണ്. അതുകൊണ്ട്, ആക്റ്റീവ് കേസുകളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ ക്വാറന്റൈന്‍ സംവിധാനം വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കിയേ തീരൂ. അതിനായി പുറത്തുനിന്നു വരുന്നവരുടെയും ഇവിടെയുള്ളവരുടെയും പൂര്‍ണ സഹകരണം ഇക്കാര്യത്തില്‍ ആവശ്യമാണ്.
സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം വലിയതോതില്‍ പിടിച്ചുനിര്‍ത്താനായി എന്നതാണ് നമ്മുടെ പ്രധാന നേട്ടം. എല്ലാ നിയന്ത്രണങ്ങളും നല്ല നിലയില്‍ മുന്നോട്ടുകൊണ്ടുപോകണം.