ലൈംഗിക പീഡനവും തട്ടിപ്പും ആരോപിക്കപ്പെട്ട 12 മുതിര്‍ന്ന റവന്യു ഉദ്യോഗസ്ഥര്‍ക്ക് നിർബന്ധിത വിരമിക്കൽ

ന്യൂഡൽഹി: ലൈംഗിക പീഡനവും തട്ടിപ്പും കൈക്കൂലിയും ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ ആരോപിക്കപ്പെട്ട 12 മുതിര്‍ന്ന റവന്യു ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിത വിരമിക്കലിന് വിധേയരാവുന്നു. ഇന്ത്യന്‍ റവന്യു സര്‍വ്വീസിൽ വിരമിക്കലിന് വിധേയരാവുന്ന 12 ഉദ്യഗസ്‌ഥരിൽ ഏഴ് പേര്‍ കമ്മീഷണര്‍മാരാണ്. ഒരു ജോയിന്റ് കമ്മീഷണറും മൂന്ന് അഡീഷണല്‍ കമ്മീഷണര്‍മാരും ഒരു അസിസ്റ്റന്റ് കമ്മീഷണറും വിരമിക്കുന്നവരില്‍ ഉള്‍പ്പെടും. റവന്യു വകുപ്പിലെ ഏറ്റവും ഉയര്‍ന്ന തസ്തികകളിലൊന്നാണ് കമ്മീഷണര്‍ പദവി.

ഉദ്യോഗസ്ഥതലത്തിലെ ശുദ്ധീകരണം ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ ഇത്തരമൊരു നീക്കം നടത്തുന്നത്. തിങ്കളാഴ്ചയാണ് സര്‍ക്കാര്‍ ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. ഇനി ആരും മോഷ്ടിക്കുകയുമില്ല ഇനിയതിന് ആരെയും അനുവദിക്കുകയുമില്ല എന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കണക്കിലെടുത്ത് കൊണ്ടുള്ള നടപടിയാണിതെന്നാണ് സര്‍ക്കാരിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

ഇന്‍കംടാക്‌സ് ജോ. കമ്മീഷണര്‍ അശോക് കുമാര്‍ അഗര്‍വാൾ, കമ്മീഷണര്‍മാരായ സഞ്ജയ്കുമാര്‍ ശ്രീവാസ്തവ, അലോക് കുമാര്‍ മിത്ര, അരുലപ്പ, അജോയ് കുമാര്‍ സിംഗ്, ബി രാജേന്ദ്രപ്രസാദ്, ഹോമി രാജവംസ്, സ്വേതബ് സുമന്‍, അഡീഷണല്‍ കമ്മീഷണര്‍ അന്ദാസു രവീന്ദര്‍, വിവേക് ബത്ര, ചന്ദര്‍ സെയ്ന്‍ ബാരതി, അസിസ്റ്റന്റ് കമ്മീഷണര്‍ രാംകുമാര്‍ ഭാഹഗവ എന്നിവരാണ് നിര്‍ബന്ധിത വിരമിക്കലിന് വിധേയരാവുന്നത്.