ഗുജറാത്തിലും നവജാത ശിശുക്കളുടെ കൂട്ടമരണം; അഞ്ചു മാസത്തിനിടെ 111 മരണം

അഹമ്മദാബാദ്: ഭുജില്‍ അദാനി ഫൗണ്ടേഷന്‍ നടത്തുന്ന ജികെ ജനറല്‍ ആശുപത്രിയില്‍ കഴിഞ്ഞ അഞ്ചു മാസത്തിനിടെ 111 ശിശുക്കള്‍ മരിച്ചു.  ഈ സാഹചര്യത്തെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.

എന്നാല്‍, തങ്ങളുടെ ഭാഗത്തുനിന്നും അനാസ്ഥയുണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.  ജനിച്ചതിനു ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണത്തില്‍ വരുന്ന വര്‍ധനയും പോഷകാഹാരക്കുറവും ആശുപത്രിയിലെത്തുന്നതിലെ കാലതാമസവുമാണ് മരണനിരക്കു വര്‍ധിക്കാന്‍ കാരണമെന്നും അധികൃതര്‍ വ്യക്തമാക്കി.

അഞ്ചുമാസങ്ങളില്‍ ആശുപത്രിയില്‍ ജനിച്ചതും ചികിത്സയ്ക്ക് എത്തിച്ചതുമായ 777 നവജാതശിശുക്കളില്‍ 111 പേര്‍ മരിച്ചെന്ന് ആശുപത്രി അധികൃതര്‍ തന്നെയാണ് വ്യക്തമാക്കിയത്. 14% ശതമാനത്തോളം വരുന്ന ശിശുമരണ നിരക്കില്‍ അസ്വാഭാവികതയുണ്ടോ എന്ന് അന്വേഷിക്കാന്‍ വിദഗ്ധസംഘത്തെ സര്‍ക്കാര്‍ നിയമിച്ചു. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ എടുക്കുമെന്ന് സംസ്ഥാന ആരോഗ്യ കമ്മിഷണര്‍ ജയന്തി രവി അറിയിച്ചു.