11 എം.എല്‍.എമാര്‍ രാജിവെച്ചു; കർണാടക സർക്കാർ താഴേക്ക്

ബെംഗളൂരു: കര്‍ണാടകത്തില്‍ 11 കോണ്‍ഗ്രസ്-ജെ.ഡി.എസ് എം.എല്‍.എമാര്‍ രാജിക്കത്ത് നല്‍കി. സ്പീക്കറുടെ ഓഫീസിലെത്തിയാണ് രാജി. ഇതിനിടയിൽ, രാജി സമര്‍പ്പിക്കാനെത്തിയ എം.എല്‍.എമാരില്‍ മൂന്നുപേരെ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി.കെ ശിവകുമാര്‍ എത്തി അനുനയിപ്പിച്ച് തിരികെക്കൊണ്ടുപോയി.

മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാരാണ് ശിവകുമാറിനൊപ്പം സ്പീക്കറുടെ ഓഫീസില്‍ നിന്നും രാജി നല്‍കാതെ തിരികെപ്പോയത്. 11 പേര്‍ രാജിവെച്ചെന്ന് സ്പീക്കര്‍ രമേഷ് കുമാര്‍ തന്നെയാണ് സ്ഥിരീകരിച്ചത്. നാളെ അവധിയായതിനാല്‍ തിങ്കളാഴ്ച രാജിവെച്ചവരെ കാണുമെന്ന് അദ്ദേഹം വ്യക്തമാക്കി.

മുതിര്‍ന്ന നേതാവ് രാമലിംഗ റെഡ്ഡി, എച്ച്.വിശ്വനാഥ്, പ്രതാപ് ഗൗഡ പാട്ടീല്‍, ബി.സി പാട്ടീല്‍, സൗമ്യ റെഡ്ഡി എന്നിവര്‍ അടങ്ങുന്ന സംഘമാണ് സ്പീക്കറെ കാണാന്‍ എത്തിയത്.

പാര്‍ട്ടി തന്നെ അവഗണിക്കുകയാണെന്നും അതിനാല്‍ രാജിവെയ്ക്കുകയാണെന്നും രാമലിംഗ റെഡ്ഡി അറിയിച്ചു. മകളും കോണ്‍ഗ്രസ് എംഎല്‍എയുമായ സൗമ്യ റെഡ്ഡിയും സ്പീക്കറെ കാണാനെത്തിയിരുന്നു. മകളുടെ കാര്യം തനിക്കറിയില്ലെന്നായിരുന്നു രാമലിംഗ റെഡ്ഡിയുടെ പ്രതികരണം. മുതിര്‍ന്ന നേതാവായ രാമലിംഗ റെഡ്ഡി സിദ്ധരാമയ്യ സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായിരുന്നു.

11 എം.എല്‍.എമാര്‍ രാജിവെച്ചതോടെ നിയമസഭയില്‍ കുമാരസ്വാമി നേതൃത്വം നല്‍കുന്ന സര്‍ക്കാരിന് ഭൂരിപക്ഷം പോകുമെന്നുറപ്പാണ്. ഇതോടെ പുതിയ എം.എല്‍.എമാരെ ഒപ്പംചേര്‍ത്ത് 105 അംഗങ്ങളുള്ള ബി.ജെ.പി ഭരണത്തിലേറാന്‍ സാധ്യതയുണ്ട്.