പത്തുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനുശേഷം ശിവശങ്കറെ വിട്ടു, ഇനിയും വിളിച്ചേക്കും

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ തുടര്‍ച്ചയായ രണ്ടാം ദിവസവും മാരത്തോണ്‍ ചോദ്യംചെയ്യലിനു ശേഷം എന്‍ഐഎ വിട്ടയച്ചു.
ചൊവ്വാഴ്ച 10 മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനു ശേഷമാണ് പുറത്തുവിട്ടത്. അദ്ദേഹം തിരുവനന്തപുരത്തേയ്ക്ക് മടങ്ങി. എന്നാല്‍, ആവശ്യമെങ്കില്‍ ഇനിയും ചോദ്യം ചെയ്യുമെന്ന് എന്‍.ഐ.എ സൂചിപ്പിച്ചിട്ടുണ്ട്.

രാവിലെ പത്ത് മണിക്കാണ് ശിവശങ്കര്‍ കൊച്ചി ഓഫീസിലെത്തിയത്. രാത്രി 8.30 വരെ ചോദ്യംചെയ്യല്‍ നീണ്ടു.
തിങ്കളാഴ്ച ഒമ്പതര മണിക്കൂര്‍ ശിവശങ്കറിനെ എന്‍.ഐ.എ ചോദ്യം ചെയ്തിരുന്നു. എന്‍.ഐ.എ.യുടെ ദക്ഷിണമേഖലാ മേധാവി കെ.ബി. വന്ദനയുടെ നേതൃത്വത്തിലാണ് ചോദ്യംചെയ്യല്‍. ശിവശങ്കറില്‍നിന്നു ലഭിച്ച മൊഴികളും സ്വപ്നയടക്കമുള്ള മറ്റു പ്രതികളുടെ മൊഴികളും തമ്മില്‍ വീണ്ടും ഒത്തുനോക്കി വ്യക്തതവരുത്തിയ ശേഷമാണ് ചൊവ്വാഴ്ചയും ചോദ്യംചെയ്തതത്.
നയതന്ത്ര ബാഗേജുകള്‍ പിടിക്കപ്പെടുന്ന ദിവസങ്ങളില്‍ പ്രതികളുമായി കൂടുതല്‍ ഫോണ്‍വിളികള്‍ നടത്തിയതായുള്ള തെളിവുകളാണ് ചോദ്യംചെയ്യലില്‍ എന്‍.ഐ.എ. നിരത്തിയതെന്നാണ് അറിയുന്നത്. എന്നാല്‍, സ്വപ്ന കണക്ട് ചെയ്തുതന്ന നമ്പറില്‍നിന്നാണ് കസ്റ്റംസിനെ ഫോണ്‍ വിളിച്ചതെന്നാണ് ശിവശങ്കര്‍ മൊഴി നല്‍കിയത്. ഇതിനുപുറമേ സ്വര്‍ണം എത്തിയ ദിവസം മറ്റൊരു നമ്പറില്‍നിന്ന് പ്രതികളുമായി സംസാരിച്ചതായും എന്‍.ഐ.എ. സംഘം കണ്ടെത്തി.