വിവിധ സംസ്ഥാനങ്ങളില്‍ നിന്നു 1,66,263 മലയാളികള്‍ വരാനൊരുങ്ങി

തിരുവനന്തപുരം: വിവിധ സംസ്ഥാനങ്ങളിലെ 1,66,263 മലയാളികളാണ് നാട്ടിലേക്ക് വരാനായി നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ കര്‍ണാടകം, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഏറ്റവും കൂടുതല്‍. കര്‍ണാടക – 55,188, തമിഴ്‌നാട് – 50,863, മഹാരാഷ്ട്ര – 22,515, തെലങ്കാന – 6422, ഗുജറാത്ത് -4959, ആന്ധ്രപ്രദേശ് – 4338, ഡെല്‍ഹി – 4236, ഉത്തര്‍പ്രദേശ് -3293, മധ്യപ്രദേശ് -2490, ബിഹാര്‍ – 1678, രാജസ്ഥാന്‍ – 1494, പശ്ചിമ ബംഗാള്‍ -1357, ഹരിയാന – 1177, ഗോവ – 1075 എന്നിങ്ങനെയാണ് കൂടുതല്‍ ആളുകള്‍ രജിസ്റ്റര്‍ ചെയ്ത സംസ്ഥാനങ്ങളുടെ കണക്ക്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ആയിരത്തില്‍ താഴെ വീതം ആളുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ഈ വിവരങ്ങള്‍ പൂര്‍ത്തിയായതോടെ ഇവരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാന്‍ നടപടി ആരംഭിച്ചിട്ടുള്ളതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതുവരെ 28,272 പേരാണ് പാസിന് അപേക്ഷിച്ചിട്ടുള്ളത്. 5470 പാസ് വിതരണം ചെയ്തു. ഇന്ന് ഉച്ചവരെ 515 പേര്‍ വിവിധ ചെക്ക്‌പോസ്റ്റുകള്‍ വഴി എത്തിയിട്ടുണ്ട്. നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ പാസുകള്‍ നല്‍കുന്നുണ്ട്. അതിര്‍ത്തിയിലെ തിരക്ക് ഒഴിവാക്കാനുള്ള ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
കേരളത്തില്‍നിന്ന് ഇതുവരെ 13,818 അതിഥി തൊഴിലാളികളാണ് സ്വന്തം സംസ്ഥാനങ്ങളിലേക്ക് പോയിട്ടുള്ളത്.

രജിസ്റ്റര്‍ ചെയ്ത ആളുകളില്‍ അഞ്ചിലൊന്ന് ആളുകള്‍ക്കു മാത്രമേ സ്വന്തം വാഹനങ്ങളിലോ വാഹനങ്ങള്‍ വാടകയ്‌ക്കെടുത്തോ നാട്ടിലെത്താന്‍ കഴിയൂ. മറ്റുള്ളവര്‍ ഗതാഗതസൗകര്യം ഒരുക്കിയില്ലെങ്കില്‍ തിരിച്ചെത്താന്‍ പ്രയാസമുള്ളവരാണ്. അവര്‍ക്ക് ഇപ്പോഴുള്ള സ്ഥലങ്ങളില്‍നിന്ന് കേരളത്തിലെത്തിച്ചേരാന്‍ നിരവധി പ്രതിബന്ധങ്ങളുണ്ട്. അതുകൊണ്ട് ഇക്കാര്യത്തില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ പൂര്‍ണ പിന്തുണയും ഇടപെടലും ആവശ്യമുണ്ട്. അക്കാര്യം ചൂണ്ടിക്കാട്ടി രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം സഹിതം പ്രധാനമന്ത്രിക്ക് ഇന്ന് കത്ത് അയച്ചിട്ടുണ്ട്.
കേരളത്തില്‍നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് അതിഥി തൊഴിലാളികള്‍ക്ക് പോകാന്‍ പ്രത്യേക ട്രെയിനുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ ട്രെയിനുകളില്‍ സംസ്ഥാനത്തേക്ക് വരേണ്ട പ്രവാസി മലയാളികള്‍ക്ക് യാത്രാസൗകര്യം ഒരുക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. ശാരീരിക അകലവും മറ്റ് സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് വിവിധ സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് പ്രത്യേക നോണ്‍ സ്‌റ്റോപ്പ് ട്രെയിനുകള്‍ അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുമുണ്ട്.

സംസ്ഥാനത്തിന് പുറത്തുള്ളവരും ഇങ്ങോട്ട് വരാന്‍ അത്യാവശ്യമുള്ളവരുമായ എല്ലാവരെയും തിരിച്ചെത്തിക്കുക എന്നതാണ് സര്‍ക്കാരിന്റെ നയം. ഇതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഇതിനകം തന്നെ വരുത്തിയിട്ടുണ്ട്.

നോര്‍ക്ക പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ അതില്‍ ലഭിക്കുന്ന രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ച് കോവിഡ്-19 ജാഗ്രതാ പോര്‍ട്ടല്‍ വഴി ബന്ധപ്പെട്ട ജില്ലാ കലക്ടറില്‍നിന്ന് യാത്രാനുമതി വാങ്ങണം. ഗ്രൂപ്പുകളായി വരാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ഇനിയും അവസരമുണ്ട്. സംസ്ഥാനത്ത് പ്രവേശിക്കുന്ന ചെക്ക്‌പോസ്റ്റ്, എത്തുന്ന തീയതിയും സമയവും രേഖപ്പെടുത്തി അപേക്ഷ നല്‍കണം.

കലക്ടര്‍മാര്‍ അനുവദിക്കുന്ന പാസ് മൊബൈല്‍-ഇമെയില്‍ വഴിയാണ് നല്‍കുക. ഏതു സംസ്ഥാനത്തു നിന്നാണോ യാത്ര തിരിക്കുന്നത് അവിടെനിന്നുള്ള അനുമതിയും സ്‌ക്രീനിങ് വേണമെങ്കില്‍ അതും യാത്ര തിരിക്കുന്നതിനു മുമ്പ് ഉറപ്പാക്കണം. നിര്‍ദിഷ്ട സമയത്ത് ചെക്ക്‌പോസ്റ്റിലെത്തിയാല്‍ പാസ് കാണിച്ച് ആവശ്യമായ വൈദ്യപരിശോധനയ്ക്കുശേഷം സംസ്ഥാനത്തേക്ക് കടക്കാം.

വാഹനങ്ങളില്‍ ശാരീരിക അകലം പാലിക്കും വിധം യാത്രക്കാരുടെ എണ്ണം ക്രമപ്പെടുത്തിയിട്ടുണ്ട്. അതിര്‍ത്തി വരെ വാടക വാഹനത്തില്‍ വന്ന് തുടര്‍ന്ന് മറ്റൊരു വാഹനത്തില്‍ പോകേണ്ടവര്‍ സ്വന്തം നിലയ്ക്ക് വാഹനങ്ങള്‍ ഏര്‍പ്പെടുത്തണം. ഡ്രൈവര്‍മാര്‍ യാത്രയ്ക്കുശേഷം ക്വാറന്റൈനില്‍ പോകണം. രോഗലക്ഷണം ഇല്ലാത്തവര്‍ക്ക് വീടുകളിലേക്ക് പോയി ഹോം ക്വാറന്റൈനില്‍ പ്രവേശിക്കണം. രോഗലക്ഷണമുള്ള യാത്രക്കാരെ കോവിഡ് കെയര്‍ സെന്ററിലേക്കോ ആശുപത്രിയിലേക്കോ മാറ്റും.

മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിയ കുട്ടികളെയോ ഭാര്യാ ഭര്‍ത്താക്കന്മാരെയോ മാതാപിതാക്കളെയോ കൂട്ടിക്കൊണ്ടുവരാന്‍ അങ്ങോട്ട് യാത്ര ചെയ്യേണ്ടിവരുന്നെങ്കില്‍ ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ അനുമതി ആവശ്യമാണ്. അതോടൊപ്പം അവരുടെ സ്വന്തം ജില്ലാ കലക്ടര്‍മാരില്‍നിന്ന് പാസ് വാങ്ങണം.

മറ്റു സംസ്ഥാനങ്ങളില്‍നിന്നും യാത്രക്കാരെ കൊണ്ടുവരുന്ന വാഹനങ്ങള്‍ക്ക് മടക്കയാത്രയ്ക്ക് അതത് ജില്ലാ കലക്ടര്‍മാര്‍ പാസ് നല്‍കും. കേരളത്തിലേക്കു വരുന്ന എല്ലാ യാത്രക്കാരും കോവിഡ്-19 ജാഗ്രതാ മൊബൈല്‍ ആപ്പ് ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. അവിചാരിത ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ സെക്രട്ടറിയറ്റിലെ വാര്‍ റൂമുമായോ നിര്‍ദിഷ്ട ചെക്ക്‌പോസ്റ്റുമായോ ബന്ധപ്പെടണം.

മുന്‍ഗണനാ ലിസ്റ്റില്‍പ്പെട്ടവര്‍ക്കാണ് ആദ്യഘട്ടത്തില്‍ യാത്രയ്ക്ക് അനുമതി നല്‍കുന്നത്. വിദ്യാര്‍ത്ഥികള്‍, കേരളത്തില്‍ സ്ഥിരതാമസക്കാരായിരിക്കെ ഇതര സംസ്ഥാനങ്ങളിലേക്ക് യാത്ര പോയ മുതിര്‍ന്ന പൗര•ാര്‍, ഗര്‍ഭിണികള്‍, മറ്റ് ആരോഗ്യ ആവശ്യങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ മുന്‍ഗണനാ പട്ടികയില്‍പ്പെടും. വരുന്നവര്‍ 14 ദിവസം വീടുകളില്‍ ക്വാറന്റൈനില്‍ കഴിയണം.

ഈ നിയന്ത്രണങ്ങളും ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുള്ളത് സംസ്ഥാനത്ത് കോവിഡ്-19 ബാധ നിയന്ത്രിച്ചുനിര്‍ത്താനും വരുന്നവരുടെയും അവരുടെ കുടുംബത്തിന്റെയും സുരക്ഷയെ കരുതിയുമാണ്. കൂട്ടത്തോടെ നിയന്ത്രണമില്ലാതെ ആളുകള്‍ വരുന്നത് അപകടത്തിനിടയാകും. ഘട്ടം ഘട്ടമായി ഈ പ്രക്രിയ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.