ജലീലിനെ വിടാതെ യൂത്ത് ലീഗ്; വിദ്യാഭ്യാസ യോഗ്യത മാറ്റാൻ മന്ത്രി നേരിട്ട് ഇടപെട്ടു; തെളിവുകൾ നിരത്തി പി.കെ ഫിറോസ്‌

കോഴിക്കോട്: ബന്ധുനിയമനവുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി.ജലീലിനെതിരെ പുതിയ ആരോപണവുമായി യൂത്ത് ലീഗ്. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മനേജര്‍ തസ്തികയുടെ വിദ്യാഭ്യാസ യോഗ്യത മാറ്റുന്നതിന് മന്ത്രി കെ.ടി.ജലീല്‍ വഴിവിട്ട് ഇടപെട്ടത്തിന് തെളിവുകള്‍ സഹിതം യൂത്ത് ലീഗ് സംസ്ഥാന ജനല്‍ സെക്രട്ടറി പി.കെ.ഫിറോസ് രംഗത്തെത്തി.

വിദ്യാഭ്യാസ യോഗ്യത മാറ്റുന്നതിന് ഉത്തരവിറക്കാന്‍ ആവശ്യപ്പെട്ട്‌ക്കൊണ്ട് ജലീല്‍ തന്റെ ലെറ്റര്‍പാഡില്‍ സെക്ഷനിലേക്ക് നോട്ട് നല്‍കി. 28-7-2016 നാണ് മന്ത്രി കുറിപ്പ് നല്‍കിയത്. കെ.ടി.ജലീലിന്റെ ബന്ധു അദീബിന്റെ യോഗ്യത തസ്തികയുടെ യോഗ്യതയായി കൂട്ടിച്ചേര്‍ക്കാന്‍ ആവശ്യപ്പെട്ടുള്ള കുറിപ്പായിരുന്നു ഇത്.

എന്നാല്‍ മന്ത്രിയുടെ കുറിപ്പ് സെക്ഷനില്‍ വന്നപ്പോള്‍ വിദ്യാഭ്യാസ യോഗ്യതമാറ്റാന്‍ മന്ത്രിസഭാ യോഗത്തിന് മുന്നില്‍ വെക്കേണ്ടതുണ്ടോ എന്നറിയാന്‍ കുറിപ്പ് മുഖ്യമന്ത്രിക്ക് കൈമാറാന്‍ വകുപ്പ്‌ സെക്രട്ടറിയായ എ.ഷാജഹാന്‍ ഐഎഎസ് വിയോജന നോട്ട് എഴുതി.

തൊട്ടടുത്ത ദിവസം തന്നെ മന്ത്രി ഇതില്‍ വീണ്ടും കുറിപ്പെഴുതി. കൂട്ടി ചേര്‍ക്കുന്നത് അധിക യോഗ്യത ആയതിനാല്‍ മന്ത്രിസഭയുടെ മുന്നില്‍ വെക്കേണ്ട ആവശ്യമില്ലെന്നും കാണിച്ച് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. എന്നാല്‍ കൂട്ടിച്ചേര്‍ത്തത് അധിക യോഗ്യതയല്ലെന്നും അടിസ്ഥാന യോഗ്യതയാണെന്നും പി.കെ.ഫിറോസ് പറഞ്ഞു. മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചാണ് ജലീല്‍ മുഖ്യമന്ത്രിയെ കൊണ്ട് ഒപ്പ് വെപ്പിച്ചത്. ഇക്കാര്യം മുഖ്യമന്ത്രി അറിഞ്ഞിട്ടുണ്ടോ ഇല്ലയോ എന്ന കാര്യ വ്യക്തമാക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.