‘മേഘങ്ങളില്ലാത്തത് കൊണ്ട് റോമിയോയ്ക്ക് റഡാര്‍ സിഗ്നലുകള്‍ കിട്ടുന്നുണ്ട്’; മോദിയെ ട്രോളി ഊര്‍മിള

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മേഘതിയറിയെ ട്രോളി കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിയും ബോളിവുഡ്‌ താരവുമായ ഊര്‍മിള മതോണ്ഡ്‌കര്‍. വളര്‍ത്തുനായയ്‌ക്കൊപ്പമുള്ള ചിത്രത്തിന്‌ രസകരമായ ക്യാപ്‌ഷന്‍ നല്‌കിയാണ്‌ ട്വിറ്ററിലൂടെ ഊര്‍മിള മോദിയെ പരിഹസിച്ചത്‌.

‘മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശത്തിന്‌ ദൈവത്തിന്‌ നന്ദി, എന്റെ പ്രിയപ്പെട്ട റോമിയോയുടെ ചെവികള്‍ക്ക്‌ കൃത്യമായി റഡാര്‍ സിഗ്നലുകള്‍ പിടിച്ചെടുക്കാനാവുന്നുണ്ട്‌’ എന്നായിരുന്നു ഊര്‍മ്മിളയുടെ ട്വീറ്റ്‌. മുംബൈ നോര്‍ത്ത്‌ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന്‌ മത്സരിക്കുന്ന ഊര്‍മ്മിള നേരത്തെ മോദി ബയോപികിനെ പരിഹസിച്ചും രംഗത്തെത്തിയിരുന്നു.

വാര്‍ത്താ ചാനലായ ന്യൂസ് നേഷന് നല്‍കിയ അഭിമുഖത്തിനിടെ ബാലാകോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് മോദി നടത്തിയ പരാമര്‍ശം സാമൂഹികമാധ്യമങ്ങളില്‍ വലിയ പരിഹാസത്തിനാണ് വഴിവെച്ചത്. ആക്രമണത്തിന് പുറപ്പെടും മുമ്പ് മഴയും കാര്‍മേഘങ്ങളുമുണ്ടായിരുന്നതിനാല്‍ വ്യോമസേനയ്ക്ക്‌ ആശങ്കയുണ്ടായിരുന്നു.

എന്നാല്‍ റഡാറുകളുടെ കണ്ണില്‍പ്പെടാതെ യുദ്ധവിമാനങ്ങള്‍ക്ക് പറക്കാന്‍ കാര്‍മേഘങ്ങള്‍ സഹായിക്കുമെന്ന് താന്‍ പറയുകയും അത് മാനിച്ച് ആക്രമണം നടത്തുകയായിരുന്നുമെന്നാണ് മോദി പറഞ്ഞത്. അഭിമുഖത്തിന്റെ ഈ ഭാഗം ബി ജെ പി ഔദ്യോഗിക ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പരിഹാസം ഉയര്‍ന്നതിനു പിന്നാലെ ഇത് നീക്കം ചെയ്തു.

ഇതിനു പിന്നാലെ ഇതേ അഭിമുഖത്തിലെ മറ്റൊരു ഭാഗവും പുറത്തെത്തി. 1987-88 കാലത്ത് ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ച് ഫോട്ടോ എടുത്തെന്നും അത് ഇമെയില്‍ മുഖാന്തരം ഡല്‍ഹിക്ക് അയച്ചെന്നും മോദി അവകാശപ്പെടുന്നതായി ഈ വീഡിയോയില്‍ കാണാം. ഇതിനെതിരെയും വലിയ പരിഹാസമാണ് ഉയരുന്നത്.