യു.എ.ഇ.യിൽ സൗദി എണ്ണക്കപ്പലുകൾ അടക്കം 4 കപ്പലുകൾക്കു ആക്രമണം

ഫുജൈറ: യുഎഇയുടെ ഫുജൈറ തീരത്ത് രണ്ടു സൗദി എണ്ണ ടാങ്കറുകളടക്കം 4 കപ്പലുകൾക്കു നേരെ ആക്രമണം. ഫുജൈറ തുറമുഖത്ത് ഞായറാഴ്ച രാവിലെയാണ് കപ്പലുകൾക്കുനേരേ ആക്രമണമുണ്ടായത്. ഇതിൽ രണ്ടുകപ്പലുകൾ തങ്ങളുടേതാണെന്ന് സൗദി അറേബ്യ തിങ്കളാഴ്ച സ്ഥിരീകരിച്ചു. കപ്പലുകൾക്കു നാശനഷ്ടമുണ്ടെങ്കിലും ആളപായമില്ലെന്നു യുഎഇയും സൗദിയും അറിയിച്ചു. ആശങ്കയുടെ പ്രതിഫലനമായി ബ്രെന്റ് ക്രൂഡ് വില ഇന്നലെ 22 സെന്റ് വർധിച്ച് ബാരലിന് 70.84 ഡോളറായി. ടാങ്കറുകൾക്ക് കനത്ത നാശനഷ്ടമുണ്ടായതായി സൗദി ഊർജമന്ത്രി ഖാലിദ് അൽ ഫാലിഹ് പറഞ്ഞു.

തങ്ങളുടെ യുദ്ധക്കപ്പലുകൾക്ക് ഇറാന്റെ ഭീഷണിയുള്ളതായി ആരോപിച്ച് യുഎസ് കഴ‍ിഞ്ഞദിവസം സേനാ നീക്കം ആരംഭിച്ചിരുന്നു. യുഎസിലേക്കു ക്രൂഡോയിലുമായി പോകേണ്ടിയിരുന്ന കപ്പലാണ് ആക്രമിക്കപ്പെട്ടവയിൽ ഒന്നെന്നു സൗദി ഊർജ മന്ത്രി ഖാലിദ് അൽ ഫാലിഹ് പറഞ്ഞു. ക്രൂഡോയിൽ നിറയ്ക്കാൻ സൗദിയിലെ റാസ് തനൂര തുറമുഖത്തേക്കു പോകുമ്പോഴായിരുന്നു ആക്രമണം.

വാണിജ്യകപ്പലുകൾക്കുനേരെ ആക്രമണമുണ്ടായതായി യു.എ.ഇ. വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയവും അറിയിച്ചു. ഫുജൈറയുടെ കിഴക്കുഭാഗത്ത് ഒമാൻ ഉൾക്കടലിൽ യു.എ.ഇ.യുടെ സമുദ്രപരിധിയിലായിരുന്നു ആക്രമണം. ഇക്കാര്യത്തിൽ അന്വേഷണം നടത്തിവരികയാണെന്നും അധികൃതർ വ്യക്തമാക്കി.

കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനോ ആക്രമണത്തിന് പിന്നിലുള്ളതാരെന്ന് വ്യക്തമാക്കാനോ യു.എ.ഇ.-സൗദി സർക്കാരുകൾ തയ്യാറായില്ല. എന്നാൽ, അന്താരാഷ്ട്ര ഉപരോധം നേരിടുന്ന ഇറാനോ അവരുമായി ബന്ധമുള്ളവരോ മേഖലയിലൂടെ ചരക്കുനീക്കം അട്ടിമറിക്കാൻ ശ്രമംനടത്തുമെന്ന് സഖ്യരാഷ്ട്രങ്ങൾക്ക് യു.എസ്. നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാന്റെ ഭീഷണി മറികടക്കാൻ യു.എസ്. ഗൾഫ് തീരത്ത് വിമാനവാഹിനിക്കപ്പലുകളും ബി-52 ബോംബർ വിമാനങ്ങളും വിന്യസിക്കുകയും ചെയ്തിരുന്നു.

സമുദ്രഗതാഗതവും എണ്ണക്കപ്പലുകളുടെ സഞ്ചാരപാതയും സുരക്ഷിതമാക്കണമെന്നും അല്ലെങ്കിൽ ആഗോള സമ്പദ്‌വ്യവസ്ഥയും ഊർജമേഖലയും കടുത്ത പ്രതിസന്ധിയിലാകുമെന്നും ഖാലിദ് അൽ ഫാലിഹ് പറഞ്ഞു. വാണിജ്യകപ്പലുകൾക്ക് നേരെയുണ്ടായ അട്ടിമറിശ്രമവും ജീവനക്കാരുടെ ജീവൻ അപകടത്തിലാക്കാനുള്ള പ്രവർത്തനങ്ങളും ഗുരുതരമായി കാണുന്നെന്നും സമുദ്രഗതാഗത സുരക്ഷയെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഇത്തരം ശ്രമങ്ങളെ തടയേണ്ടതിൻറെ ചുമതല അന്താരാഷ്ട്ര സമൂഹം ഏറ്റെടുക്കണമെന്നും യു.എ.ഇ. പറഞ്ഞു. ഫുജൈറ തുറമുഖത്തിന്റെ പ്രവർത്തനം സാധാരണനിലയ്ക്ക് തുടരുകയാണെന്നും പ്രചരിക്കുന്ന അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമാണെന്നും യു.എ.ഇ. വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അറിയിച്ചു.