പെൻഷൻ ആനുകൂല്യം താമസിച്ചാൽ നഷ്ട്ടം ഉദ്യോഗസ്ഥനിൽനിന്ന് ഈടാക്കും

തിരുവനന്തപുരം: പെൻഷൻ ആനുകൂല്യം നൽകുന്നതിൽ കാലതാമസം നിമിത്തം സർക്കാരിന് നഷ്ടമുണ്ടായാൽ ഉദ്യോഗസ്ഥരിൽനിന്ന് ഈടാക്കുമെന്ന് ധനവകുപ്പ്. പെൻഷൻ ആനുകൂല്യങ്ങൾ നൽകുന്നതിലെ കാലതാമസം ഒഴിവാക്കണമെന്ന സുപ്രീംകോടതി നിർദേശത്തെത്തുടർന്നാണ് ധനവകുപ്പ് ഉത്തരവിറക്കിയത്. ജീവനക്കാരൻ വിരമിക്കുന്ന ദിവസംതന്നെ പെൻഷൻ ആനുകൂല്യങ്ങളും നൽകണമെന്ന തീരുമാനത്തിൽ ഒട്ടേറെ ഉത്തരവുകളിറക്കിയെങ്കിലും പരാതികൾ തുടരുകയാണ്. അതുകൊണ്ടാണ് പുതിയ നിർദേശം.

ജീവനക്കാർക്ക് കിട്ടേണ്ട മരണാനന്തര-വിരമിക്കൽ ഗ്രാറ്റ്വിറ്റി (ഡി.സി.ആർ.ജി.) ആനുകൂല്യത്തിന് കാലതാമസം ഉണ്ടാകുന്നതായി പരാതികൾ ഉയരാറുണ്ട്. പലരും കോടതിയെ സമീപിച്ച് പലിശസഹിതം ആനുകൂല്യം വാങ്ങും. ഇത് സർക്കാരിന് വൻ ബാധ്യതയാണ്. ഇത്തരത്തിൽ പലിശ നൽകേണ്ടിവന്നാൽ കാലതാമസം വരുത്തിയ ഉദ്യോഗസ്ഥരിൽനിന്ന് സർക്കാരിനുണ്ടാവുന്ന നഷ്ടം ഈടാക്കാനാണ് ധനവകുപ്പിന്റെ തീരുമാനം.

ജീവനക്കാർക്കെതിരേ നിലനിൽക്കുന്ന നിയമനടപടികൾ വിരമിക്കൽ ആനുകൂല്യം നൽകുന്നതിന് തടസ്സമാകാറുണ്ട്. നടപടികൾ പൂർത്തിയാക്കേണ്ട മേലുദ്യോഗസ്ഥർ ഇക്കാര്യത്തിൽ കാട്ടുന്ന കർശനനിലപാടുകളാണ് ജീവനക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. അതിനുപരിഹാരമായി ജീവനക്കാർക്കെതിരായ വിജിലൻസ് കേസുകൾ വിചാരണയ്ക്കെടുത്താൽമാത്രം ജുഡീഷ്യൽ നടപടിക്രമമായി പരിഗണിച്ചാൽമതിയെന്ന് നിർദേശിച്ചിട്ടുണ്ട്. വിജിലൻസ് അന്വേഷണം കേസായി പരിഗണിക്കില്ല. സ്വകാര്യവ്യക്തികൾ തമ്മിലുള്ള സിവിൽ കേസുകൾ ജീവനക്കാരനെതിരായ ജുഡീഷ്യൽ നടപടിയുടെ ഭാഗമാക്കരുതെന്നും നിർദേശമുണ്ട്.

വിജിലൻസ് കേസ്, കോടതികേസ്, വകുപ്പുതല അച്ചടക്ക നടപടി എന്നിവയിൽ അന്തിമതീർപ്പായതിനുശേഷമേ അന്തിമപെൻഷൻ, പെൻഷൻ കമ്യൂട്ടേഷൻ, ഡി.സി.ആർ.ജി. തുടങ്ങിയവ അനുവദിക്കൂ. അതുവരെ താത്കാലിക പെൻഷന് മാത്രമായിരിക്കും അർഹത. വിരമിക്കുന്ന ജീവനക്കാരനെതിരേ വകുപ്പുതല അച്ചടക്കനടപടി നിലവിലുണ്ടെങ്കിൽ വിരമിച്ച് ഒരുവർഷത്തിനകം പൂർത്തിയാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.