നെയ്മറിനെതിരെ ബലാത്സംഗ പരാതി: യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പുറത്തു വിട്ടു; എല്ലാം യുവതിയുടെ സമ്മതത്തോടെ ആയിരുന്നുവെന്ന് നെയ്മർ

പാരീസ്: തനിക്കെതിരെ ബലാത്സംഗ ആരോപണം ഉന്നയിച്ച യുവതിയുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റും സ്വകാര്യ ചിത്രങ്ങളും പുറത്ത് വിട്ട് ബ്രസീലിയന്‍ ഫുട്ബോള്‍ താരം നെയ്മര്‍. തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് യുവതിക്കെതിരെ നെയ്മര്‍ രംഗത്ത് വന്നത്.

തന്‍റെ ഭാഗത്ത് നിന്നുള്ള വിശദീകരണമാണ് നെയ്മര്‍ നല്‍കിയിരിക്കുന്നത്. കാമുകനും കാമുകിക്കും തമ്മിൽ നടക്കുന്ന കാര്യങ്ങൾ മാത്രമേ നടന്നിട്ടുള്ളൂ. നാല് ചുമരുകള്‍ക്കുള്ളില്‍ ഒരു സ്ത്രീയും പുരുഷനും തമ്മില്‍ നടക്കുന്നതാണ് അന്നും നടന്നത്. കാമുകനും കാമുകിക്കും ഇടയില്‍ നടക്കുന്നതാണ് അത്. അതിന്‍റെ അടുത്ത ദിവസം പ്രത്യേകമായി ഒന്നും സംഭവിച്ചില്ല.

തനിക്കെതിരെ ഒരു ബലാത്സംഗ ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. തന്നെ ശരിക്കും ബാധിക്കുന്ന ശക്തമായ ആരോപണമാണ് അത്. അവരുടെ ആരോപണം ശരിക്കും അത്ഭുതപ്പെടുത്തി. എല്ലാം അവരുടെ സമ്മതപ്രകാരമാണ് നടന്നത്. എന്നാല്‍ ഇപ്പോള്‍ ഏറെ സങ്കടപ്പെടുത്തുന്നു, തന്നെ അറിയുന്നവര്‍ക്ക് ഇങ്ങനെയൊന്നും താന്‍ ചെയ്യില്ലെന്ന് ഉറപ്പാണ്. കെണിയില്‍ വീണു പോവുകയായിരുന്നുവെന്നും നെയ്മര്‍ പറഞ്ഞു.

ബ്രസീലിയന്‍ ഫുട്ബോള്‍ താരം നെയ്മര്‍ പാരിസിലെ ഹോട്ടലില്‍ വെച്ച് ബലാല്‍സംഗം ചെയ്തതായാണ് യുവതിയുടെ പരാതി. മെയ് 15–ന് തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതി പരാതിയിൽ പറഞ്ഞിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് നെയ്മറെ താൻ പരിചയപ്പെടുന്നത്. മെസേജുകൾ അയക്കുമായിരുന്നു. ഒരിക്കൽ തന്നോട് പാരീസിലേക്ക് വരാൻ ആവശ്യപ്പെട്ടു. നെയ്‌മറുടെ പ്രതിനിധിയായ ഗാലോ ബ്രസീലില്‍ നിന്ന് പാരിസിലേക്കുള്ള വിമാന ടിക്കറ്റും ഹോട്ടലി‍ൽ റൂമും ബുക്ക് ചെയ്ത് തന്നു. അവിടേക്ക് മദ്യപിച്ചാണ് നെയ്മർ എത്തിയത്. കുറച്ചു സമയം സംസാരിച്ചിരുന്നു. പിന്നീട് നെയ്മർ അക്രമാസക്തനാകുകയും ബലാൽസംഗം ചെയ്യുകയുമായിരുന്നുവെന്നാണ് യുവതി പരാതിയിൽ പറയുന്നത്.

സാവോ പോളോ പോലീസ് സ്‌റ്റേഷനില്‍ ഫയല്‍ ചെയ്ത കേസിലെ രേഖകളെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം വ്യക്തമാക്കുന്നത്. സംഭവത്തിനു പിന്നാലെ മാനസികമായി തകര്‍ന്നുപോയ യുവതി രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് പാരീസ് വിട്ടതെന്നും പരാതിയില്‍ പറയുന്നു. പരാതിക്കാരിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കുമെന്ന് സാവോ പോളോ പൊലീസ് അറിയിച്ചിട്ടുണ്ട്.