മൂന്ന് ഇംഗ്ലീഷ് കിരീടങ്ങള്‍ നേടുന്ന ആദ്യ പുരുഷ ടീമായി മാഞ്ചസ്റ്റര്‍ സിറ്റി

ലണ്ടന്‍: മൂന്ന് ഇംഗ്ലീഷ് കിരീടങ്ങള്‍ നേടുന്ന ആദ്യത്തെ പുരുഷ ടീം എന്ന ചരിത്ര നേട്ടം സിറ്റി സ്വന്തമാക്കി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടത്തിനും ലീഗ് കപ്പിനും പിന്നാലെ എഫ്.എ കപ്പ് കിരീടവും മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കി. വെംബ്ലിയില്‍ നടന്ന ഫൈനലില്‍ വാറ്റ്‌ഫോര്‍ഡിനെ എതിരില്ലാത്ത ആറു ഗോളിന് സിറ്റി പരാജയപ്പെടുത്തി.

മൂന്ന് ഇംഗ്ലീഷ് കിരീടങ്ങള്‍ നേടുന്ന ആദ്യത്തെ പുരുഷ ടീം എന്ന നേട്ടമാണ് ഇവിടെ കുറിച്ചത്. ഇതിന് മുമ്പ് 2007-ല്‍ ആഴ്‌സണലിന്റെ വനിതാ ടീം ഈ നേട്ടം കൈവരിച്ചിരുന്നു.

മത്സരത്തിന്റെ 26-ാം മിനിറ്റില്‍ ഡേവിഡ് സില്‍വയിലൂടെ സിറ്റി ലീഡെടുത്തു. സ്റ്റെര്‍ലിങ്ങിന്റെ പാസില്‍ നിന്നായിരുന്നു സില്‍വയുടെ ഗോള്‍. പിന്നാലെ ഗബ്രിയേല്‍ ജീസസിലൂടെ സിറ്റി രണ്ടാം ഗോളും നേടി. ഇതോടെ ആദ്യ പകുതിയില്‍ സിറ്റി രണ്ട് ഗോളിന് മുന്നിലെത്തി.

61-ാം മിനിറ്റില്‍ ഡി ബ്രുയ്‌നിന്റെ അവസരമായിരുന്നു. ഏഴ് മിനിറ്റിനുള്ളില്‍ ജീസസ് വീണ്ടും ലക്ഷ്യം കണ്ടു. ഇതോടെ സിറ്റി 4-0ത്തിന് മുന്നിലെത്തി. അടുത്തത് റഹീം സ്റ്റെര്‍ലിങ്ങിന്റെ ഊഴമായിരുന്നു. 81-ാം മിനിറ്റിലും 87-ാം മിനിറ്റിലും ലക്ഷ്യം കണ്ട സ്റ്റെര്‍ലിങ്ങിലൂടെ സിറ്റി ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. മാഞ്ചസ്റ്റര്‍ സിറ്റി 2011-ന് ശേഷം നേടുന്ന ആദ്യത്തെ എഫ്.എ കപ്പ് കിരീടമാണിത്. ഇതോടെ സിറ്റിക്ക് ആറു കിരീടങ്ങളായി.