സർക്കാരിന് തിരിച്ചടി; വിമത എം.എല്‍.എമാരെ നിര്‍ബന്ധിച്ച് വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുപ്പിക്കരുതെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: കര്‍ണാടകയിൽ കുമാരസ്വാമി സർക്കാരിന് തിരിച്ചടിയായി സുപ്രീം കോടതി വിധി. 15 വിമത എം.എല്‍.എമാരെ നിര്‍ബന്ധിച്ച് വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുപ്പിക്കരുതെന്ന് സുപ്രീം കോടതി പറഞ്ഞു. വിമത എം.എല്‍.എമാര്‍ നല്‍കിയ ഹർജിയിലാണ് കോടതി ഇക്കാര്യം നിര്‍ദേശിച്ചിരിക്കുന്നത്.

നാളെയാണ് കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ്. കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന്റെ ഭാഗമായ ഈ 15 എം.എല്‍.എമാര്‍ സഭയില്‍ എത്തിയില്ലെങ്കില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാര്‍ താഴെ വീണേക്കും.

അതേസമയം, വിമതരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ക്ക് അനുയോജ്യമായ സമയത്ത് തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. എം.എല്‍.എമാരുടെ രാജി സ്വീകരിക്കണോ അതോ അയോഗ്യരാക്കണോയെന്ന് സ്പീക്കര്‍ക്ക് തീരുമാനിക്കാന്‍ കഴിയും. രാജി സ്വീകരിക്കാതെ സ്പീക്കര്‍ അയോഗ്യരാക്കുകയാണെങ്കില്‍ അത് വിമത എം.എല്‍.എമാര്‍ക്ക് തിരിച്ചടിയാണ്.

കര്‍ണാടകയിലെ എം.എല്‍.എമാരുടെ രാജിക്കത്തുകളുടെ കാര്യത്തില്‍ സ്പീക്കര്‍ എങ്ങനെ തീരുമാനമെടുക്കണമെന്ന് നിര്‍ദേശിക്കാന്‍ കോടതിക്കു കഴിയില്ലെന്ന് സുപ്രീം കോടതി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് വ്യക്തമാക്കിയത്.