ഇംഗ്ലണ്ടിന് പാകിസ്താനെതിരെ ആറു വിക്കറ്റ് വിജയം

ബ്രിസ്റ്റള്‍: മൂന്നാം ഏകദിന ക്രിക്കറ്റിൽ പാകിസ്താനെതിരെ ആറു വിക്കറ്റ് വിജയവുമായി ഇംഗ്ലണ്ട്. പാകിസ്താന്‍ മുന്നോട്ടുവെച്ച 359 റൺസാണ് 31 പന്ത് ബാക്കിനില്‍ക്കെ ഇംഗ്ലണ്ട് നേടിയെടുത്തത്. 93 പന്തില്‍ 15 ഫോറും അഞ്ചു സിക്‌സും സഹിതം 128 റണ്‍സ് അടിച്ച ബെയര്‍‌സ്റ്റോവും 55 പന്തില്‍ എട്ടു ഫോറും നാല് സിക്‌സുമടക്കം 76 റണ്‍സ് നേടിയ ജേസണ്‍ റോയിയുമാണ് ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചത്.

ഓപ്പണിങ് വിക്കറ്റില്‍ തന്നെ ഇംഗ്ലണ്ട് നിലയുറപ്പിച്ചു. ബെയര്‍‌സ്റ്റോവും റോയിയും ചേര്‍ന്ന് 159 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. പിന്നാലെ ജോ റൂട്ടും ബെന്‍ സ്‌റ്റോക്ക്‌സും തങ്ങളുടെ റോളുകള്‍ ഭംഗിയാക്കി. റൂട്ട് 36 പന്തില്‍ 43 റണ്‍സും സ്റ്റോക്ക്‌സ് 38 പന്തില്‍ 37 റണ്‍സും നേടി. പിന്നീട് മോയിന്‍ അലിയും ഇയാന്‍ മോര്‍ഗനും ചേര്‍ന്ന് ഇംഗ്ലണ്ടിനെ വിജയതീരത്തെത്തിച്ചു. മോയിന്‍ അലി 36 പന്തില്‍ 46 റണ്‍സുമായും മോര്‍ഗന്‍ 12 പന്തില്‍ 17 റണ്‍സോടേയും പുറത്താകാതെ നിന്നു.

നേരത്തെ ആദ്യം ബാറ്റുചെയ്ത പാകിസ്താൻ സെഞ്ചുറി നേടിയ ഓപ്പണര്‍ ഇമാമുല്‍ ഹഖിന്റെ മികവിലാണ് കൂറ്റന്‍ സ്‌കോറിലെത്തിയത്. 131 പന്തില്‍ 16 ഫോറും ഒരു സിക്‌സും സഹിതം 151 റണ്‍സാണ് ഇമാമുല്‍ ഹഖ് അടിച്ചത്. ആസിഫ് അലി 43 പന്തില്‍ 52 റണ്‍സ് നേടി. ഹാരിസ് സൊഹൈല്‍ 41 റണ്‍സ് അടിച്ചു. ഇംഗ്ലണ്ടിനായി ക്രിസ് വോക്‌സ് നാല് വിക്കറ്റ് വീഴ്ത്തി. 10 ഓവറില്‍ 67 റണ്‍സ് വഴങ്ങിയായിരുന്നു വോക്‌സിന്റെ പ്രകടനം.