വിയോജിപ്പ് രേഖപ്പെടുത്തണം, അത് ഭരണഘടനാപരമായ ബാധ്യത; നിലപാടിലുറച്ച് അശോക് ലവാസ

ദില്ലി: നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ നിലപാടിലുറച്ച് തെരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസ. തന്റെ വിയോജിപ്പ് രേഖപ്പെടുത്തണമെന്നും അത് ഭരണഘടനാപരമായ ബാധ്യതയാണെന്നും അശോക് ലവാസ. വിയോജിപ്പ് രേഖപ്പെടുത്തേണ്ടത് ഭരണഘടനാപരമായ ബാധ്യതയെന്ന് ലവാസ നിലപാടെടുത്തു. ഇന്ന് കമ്മീഷൻ യോഗം ചേരാനിരിക്കെയാണ് ലവാസ നിലപാട് പരസ്യമാക്കിയിരിക്കുന്നത്. മറ്റ് നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിച്ചത് സുപ്രീംകോടതി ഇടപെടല്‍ കാരണമാണെന്നും ലവാസ വ്യക്തമാക്കി.

കലാപക്കൊടി ഉയര്‍ത്തിയ അശോക് ലവാസയെ അനുനയിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് പ്രത്യേക യോഗം. കമ്മിഷന്‍ യോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും അശോക് ലവാസ തീരുമാനം എടുത്തിരുന്നു. മോദി പെരുമാറ്റച്ചട്ടം ലംഘിച്ചു എന്ന തെളിവു സഹിതമുള്ള ആരോപണങ്ങൾ പരിശോധിച്ച ശേഷം കമീഷൻ നൽകിയ ക്ലീൻ ചിറ്റ് ആണ് ഇതിനിടയാക്കിയത്. ക്ലീൻ ചിറ്റ് നൽകിയതിനെതിരായ കമീഷൻ അംഗത്തിന്‍റെ വിയോജിപ്പ് മിനിട്‍സിൽ രേഖപ്പെടുത്താത്തതാണ് കമ്മീഷണർ അശോക് ലവാസയെ പരസ്യ വിമർശനത്തിലെത്തിച്ചത്.

കമ്മിഷനിലെ മറ്റ് അംഗങ്ങള്‍ ലവാസയുടെ വസതിയിലെത്തി കഴിഞ്ഞദിവസം അനൗദ്യോഗികമായി ചര്‍ച്ച നടത്തി. കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ അശോക് ലവാസയ്ക്ക് രണ്ട് കത്തുകളും അയച്ചിരുന്നു. സുപ്രീംകോടതി ഇടപെടലുണ്ടാകുന്നത് വരെ തെരഞ്ഞെടുപ്പ് കമ്മീഷൻ ചട്ടലംഘനങ്ങളിൽ നടപടിയെടുത്തില്ലെന്നും ലവാസ ആരോപിക്കുന്നു.