പ്രതിപക്ഷത്തിന്റെ ചെളിക്കുണ്ടില്‍ ബി.ജെ.പിയുടെ താമര വിടര്‍ന്നെന്ന് പ്രധാനമന്ത്രി

ഷാജഹാന്‍പുര്‍: പ്രതിപക്ഷത്തിന്റെ ചെളിക്കുണ്ടില്‍ ബി.ജെ.പിയുടെ താമര വിടര്‍ന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കളിയാക്കി. ലോക്‌സഭയില്‍ അവിശ്വാസ പ്രമേയം മറികടന്നതിനു പിന്നാലെയാണ് കോണ്‍ഗ്രസിനും മറ്റുമെതിരെ വിമര്‍ശനവുമായി മോദി എത്തിയത്. ”വൈദ്യുതിയുമായി നിങ്ങളുടെ വീട്ടിലേക്ക് ഞങ്ങള്‍ ഓടുകയാണ്. മറ്റു ചിലര്‍ അവിശ്വാസപ്രമേയ പേപ്പറുകളുമായി പാര്‍ലമെന്റിലേക്ക് ഓടുകയാണ്- മോദി പരിഹസിച്ചു.

കര്‍ഷക റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി. രാഹുല്‍ ഗാന്ധിയെ പേരെടുത്ത് പറയാതെയായിരുന്നു വിമര്‍ശനം. പ്രധാനമന്ത്രി കസേരയിലാണ് ചില ആളുകള്‍ നോട്ടമിട്ടിരിക്കുന്നത്. അതിനപ്പുറം രാഷ്ട്രത്തേയോ പട്ടിണിയേയോ അവര്‍ കാണുന്നില്ല. പല പാര്‍ട്ടികളും ഒന്നിച്ച് ചേര്‍ന്നപ്പോള്‍ ഒരു ചെളിക്കുണ്ടായി മാറി. അതില്‍നിന്നും താമര വിടര്‍ന്നെന്നും മോദി പറഞ്ഞു.

അവിശ്വാസ പ്രമേയത്തിന്റെ കാരണമെന്താണെന്ന് ഞാനിന്നലെ പാര്‍ലമെന്റില്‍ ചോദിച്ചു, എനിക്കൊരുത്തരവും ലഭിച്ചില്ല. പകരം അദ്ദേഹം എന്റെ അടുക്കല്‍ വന്നു കെട്ടിപ്പിടിച്ചു. മോദിയെ നീക്കുകയാണ് അവരുടെ ലക്ഷ്യം. സര്‍ക്കാര്‍ ജനപിന്തുണയോടെ മുന്നോട്ട് പോകുകതന്നെ ചെയ്യും-മോദി പറഞ്ഞു.

അഴിമതി നടത്താനുള്ള എല്ലാ വഴികളും സര്‍ക്കാര്‍ അടച്ചു. 90,000 കോടി രൂപ കണ്ടെടുത്തു. കഴിഞ്ഞ എഴുപത് വര്‍ഷമായി അഴിമതി നടത്തികൊണ്ടിരുന്ന പാതകളെല്ലാം അടച്ചുപൂട്ടിയ ഒരു സര്‍ക്കാരിനെ എന്തിന് അവിശ്വസിക്കണമെന്നും അദ്ദേഹം ചോദിച്ചു. മോദിയെ നീക്കുക എന്നത് മാത്രമാണ് ഇപ്പോള്‍ അവരുടെ പ്രധാന അജണ്ട. എന്നാല്‍, ഒരാള്‍ക്കും എന്നെ നീക്കം ചെയ്യാനാവില്ല. ജനങ്ങളുടെ പിന്തുണയോടെ ഇവിടെ തുടരുക തന്നെ ചെയ്യും- കരഘോഷത്തിനിടെ മോദി പറഞ്ഞു.