‘പ്രിയങ്കയ്ക്ക് ഒരു സ്വാധീനവും ചെലുത്താനാകില്ല; യുപിയില്‍ ബിജെപി 74 സീറ്റ് നേടും’- യോഗി

യുപിയില്‍ ബിജെപി സഖ്യം 74 സീറ്റ് നേടുമെന്നും പ്രിയങ്ക ഗാന്ധിക്ക് ഒരു സ്വാധീനവും ചെലുത്താനാകില്ലെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . ഉത്തര്‍പ്രദേശില്‍ എസ്പി–ബിഎസ്പി സഖ്യം ജാതിരാഷ്ട്രീയം പയറ്റുകയാണെന്ന് അദ്ദേഹം പറഞ്ഞു. സഖ്യത്തിന്റെ പേരിലുള്ള അവരുടെ കള്ളക്കളി ജനം തിരിച്ചറിയുമെന്നും യോഗി ഗോരഖ്പൂരില്‍ പറഞ്ഞു.

ഒരു തവണ കൂടി മോദി സര്‍ക്കാര്‍ എന്ന മുദ്രാവാക്യമാണ് രാജ്യം മുഴുവന്‍ മുഴക്കുന്നത്. 2019ല്‍ 2014ലേക്കാള്‍ വലിയ വിജയം ബി.ജെ.പി നേടും. സാധാരണജനങ്ങള്‍ മോദിക്കൊപ്പമാണ്. പ്രിയങ്ക ഗാന്ധിയെ കടന്നാക്രമിച്ച് കൊണ്ടാണ് യോഗി സംസാരിച്ചത്. കഴിഞ്ഞതവണ അവർ പ്രചാരണം നടത്തിയപ്പോഴും തോറ്റുവെന്നും യോഗി പറഞ്ഞു.

മഹാസഖ്യം ജാതിരാഷ്ട്രീയം കളിക്കുകയാണ്. ജാതിരാഷ്ട്രീയം യുപിയും ഇന്ത്യയും ഉപേക്ഷിച്ചതാണ്. യുപിയില്‍ ബിജെപി സഖ്യം 74 ലധികം സീറ്റ് നേടും. ദേശീയതലത്തില്‍ 400ലധികം സീറ്റ് നേടും. കേരളത്തില്‍ ഏറ്റവും മികച്ച നേട്ടം കാഴ്ചവയ്ക്കുമെന്നും യോഗി പറഞ്ഞു.