കോലിക്ക് മറ്റൊരു പൊന്‍തൂവല്‍, ടെസ്റ്റ് റാങ്ക് നമ്പര്‍ വണ്‍

ദുബായ്: വിരാട് കോലി ടെസ്റ്റ് റാങ്കിങ്ങില്‍ ലോകത്ത് ഒന്നാമതെത്തി. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ തോറ്റെങ്കിലും മികച്ച ബാറ്റിങ് പുറത്തെടുത്തതോടെയാണ് വിരാട് കോലി റെക്കാഡ് ബുക്കില്‍ ഇടംപിടിച്ചത്. ആദ്യ ടെസ്റ്റിലെ രണ്ടിന്നിങ്‌സിലുമായി കോലി 200 റണ്‍സെടുത്തു. ഒന്നാമിന്നിങ്‌സില്‍ 149 റണ്‍സും രണ്ടാമിന്നിങ്‌സില്‍ 51 റണ്‍സും.

ഓസീസ് താരം സ്റ്റീവ് സ്മിത്തിനെ പിന്നിലാക്കിയാണ് കോലി ഒന്നാമതെത്തിയത്. കഴിഞ്ഞ 32 മാസമായി ഒന്നാം റാങ്കില്‍ തുടരുന്ന സ്മിത്ത് പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് വിലക്ക് നേരിടുകയാണ്. 934 പോയിന്റാണ് കോലി നേടിയത്. തന്റെ കരിയറിലെ മികച്ച പോയിന്റ്. 929 പോയിന്റാണ് സ്മിത്തിന്. ഇതോടെ കോലി ഒന്നാം റാങ്കില്‍ ഏറ്റവും കൂടുതല്‍ പോയന്റ് നേടുന്ന ഇന്ത്യന്‍ താരവും അന്താരാഷ്ട്ര തലത്തില്‍ പതിനാലാമത്തെ താരവുമായി.

ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ ക്യാപ്റ്റന്‍ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതെത്തുന്നത്. 2011ല്‍ സച്ചിനുശേഷം റാങ്കിങ്ങില്‍ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡും കോലിക്കാണ്. ഒന്നാം റാങ്കിലെത്തുന്ന ഏഴാമത്തെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ കൂടിയാണ് കോലി. സച്ചിനും കോലിക്കും പുറമെ രാഹുല്‍ ദ്രാവിഡ്, ഗൗതം ഗംഭീര്‍, വീരേന്ദര്‍ സെവാഗ്, സുനില്‍ ഗവാസ്‌കര്‍, വെങ്‌സര്‍ക്കാര്‍ എന്നിവരാണ് ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതെത്തിയ ഇന്ത്യന്‍ താരങ്ങള്‍.