അനധികൃത സ്വത്ത് സമ്പാദനകേസില്‍ കെ. ബാബുവിന്റെ സെക്രട്ടറിക്കെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട്

കൊച്ചി: മുന്‍ മന്ത്രി കെ. ബാബുവിന്റെ സെക്രട്ടറി നന്ദകുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിജിലന്‍സ് റിപ്പോര്‍ട്ട്. ബാബു മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ഓഫീസ് സെക്രട്ടറിയായിരുന്നു നന്ദകുമാര്‍. ഈ പദവിയെ ദുരുപയോഗം ചെയ്താണ് സ്വത്ത് സമ്പാദിച്ചത് എന്നാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. നന്ദകുമാറിന് ബാബു കാര്‍ സമ്മാനമായി നല്‍കിയെന്ന വിജിലന്‍സ് കണ്ടെത്തലിന്റെ റിപ്പോര്‍ട്ട് ഉടന്‍ തന്നെ വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറും.

ബാബുവിനെതിരെയും അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് അന്വേഷണം നടക്കുകയാണ്. വരവിനേക്കാള്‍ 45 ശതമാനം അധികം സ്വത്ത് ബാബുവിനുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തി. ഡിജിപി ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരുന്ന സമയത്താണ് ബാബുവിനെതിരെ കേസെടുക്കുകയും റെയ്ഡ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തത്.