മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് യാത്ര ചെയ്താല്‍ ഇനി കേസില്ല

 

കൊച്ചി: മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനം ഓടിച്ചാല്‍ കേസെടുക്കാനാവില്ല എന്ന് ഹൈക്കോടതി ഉത്തരവ്. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള വ്യവസ്ഥ നിയമത്തില്‍ നിലവിലില്ലാത്തതിനാല്‍ പോലീസിന് കേസ് എടുക്കാന്‍ കഴിയില്ലെന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിധിച്ചത്.

പോലീസ് ആക്ട് 118(ഇ) വകുപ്പനുസരിച്ച് ഫോണില്‍ സംസാരിച്ച് വാഹനം ഓടിച്ചാല്‍ ഒരാള്‍ അറിഞ്ഞു കൊണ്ട് പൊതുജനങ്ങളെയും പൊതു സുരക്ഷയെയും അപകടപ്പെടുത്തുന്ന നടപടിയായിട്ടാണ് പോലീസ് കേസെടുക്കാറ്. ഇത്തരത്തില്‍ കേസെടുത്ത പോലീസ് നടപടിയെ ചോദ്യം ചെയ്ത് കാക്കനാട് സ്വദേശി എം.ജെ.സന്തോഷ് നല്‍കിയ ഹര്‍ജിയിലാണ് ഡിവിഷന്‍ ബഞ്ചിന്റെ വിധി.

ഫോണില്‍ സംസാരിക്കുന്നത് പൊതുജനങ്ങളെ അപകടത്തില്‍ പെടുത്തുന്നു എങ്കില്‍ മാത്രമെ പോലീസ് നടപടി സാധ്യമാകുകയുള്ളു. മാത്രമല്ല പോലീസ് ആക്ടില്‍ മൊബൈല്‍ സംസാരം നിരോധിച്ചുകൊണ്ടുള്ള വ്യവസ്ഥയും ഇപ്പോള്‍ നിലവിലില്ല. അതിനാല്‍ അങ്ങനെ വാഹനം ഓടിക്കുന്ന ആള്‍ പൊതുജനങ്ങളെ അപകടപ്പെടുത്തുന്ന ഒരാളായി അനുമാനിക്കാന്‍ കഴിയില്ലെന്നും ഡിവിഷന്‍ ബഞ്ച് ചൂണ്ടിക്കാട്ടി.

കേരളത്തില്‍ എവിടെയെങ്കിലും ഇത്തരത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ടെങ്കില്‍ അത് റദ്ദാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കേസ് നിലവിലുള്ള മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാം.