യുപിയിൽ കർഷകനെ ഗുണ്ടകൾ ട്രാക്ടർ കയറ്റിക്കൊന്നു

സിതാപുർ∙ ട്രാക്ടർ വാങ്ങാൻ സ്വകാര്യ പലിശ സ്ഥാപനത്തിൽനിന്ന് അഞ്ച് ലക്ഷം രൂപ ലോൺ എടുത്തു തിരിച്ചടവു മുടങ്ങിയതിനെത്തുടർന്നു ഗുണ്ടകളെത്തി അതേ ട്രാക്ടർ കയറ്റി കർഷകനെ കൊന്നു. കുറച്ചുവർഷങ്ങൾക്കുമുൻപാണു കർഷകനായ ഗ്യാൻ ചന്ദ്ര (45) സ്വകാര്യ പണമിടപാടുകാരനിൽനിന്നു കടം വാങ്ങിയത്. യുപി തലസ്ഥാനമായ ലക്നൗവിൽനിന്ന് 100 കിലോമീറ്റർ അകലെയാണ് സിതാപുർ.

ഇനി ഒന്നേകാൽ ലക്ഷം രൂപ കൂടി തിരിച്ചടയ്ക്കാനുണ്ട്. ഈ മാസമാദ്യം 35,000 രൂപ അടച്ചിരുന്നു. ബാക്കി അടയ്ക്കാൻ ഏതാനും ആഴ്ചകൾ കൂടി ശേഷിക്കെയാണു പണമിടപാടുകാരൻ രണ്ടു ദിവസങ്ങൾക്കുമുൻപു ഗുണ്ടകളെ അയച്ചത്. പാടത്ത് പണിയെടുത്തുകൊണ്ടിരിക്കെയാണ് അഞ്ച് ഗുണ്ടകളെത്തി ട്രാക്ടറിന്റെ താക്കോൽ ആവശ്യപ്പെട്ടത്. ബാക്കി തുക ഉടൻതന്നെ തിരിച്ചടയ്ക്കുമെന്ന് അറിയിച്ചെങ്കിലും അവർ താക്കോൽ പിടിച്ചെടുക്കുകയായിരുന്നു.

ട്രാക്ടർ പാടത്തുനിന്ന് ഓടിച്ചുകൊണ്ടുപോകുന്നതിനിടെ ഗുണ്ടകളിലൊരാൾ ഗ്യാൻ ചന്ദ്രയെ തള്ളി വാഹനത്തിനുമുന്നിലേക്കിട്ടു. ഗ്യാൻ ചന്ദ്രയുടെ ശരീരത്തിലൂടെ ട്രാക്ടർ കയറിയിറങ്ങുകയായിരുന്നു. തൽക്ഷണം മരണം സംഭവിച്ചു. പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Loading...