തിരുവനന്തപുരം: സഹോദരന്റെ ലോക്കപ്പ് മരണത്തെക്കുറിച്ച് അന്വേഷണം വേണമെന്നും നീതി വേണമെന്നും ആവശ്യപ്പെട്ട് ശ്രീജിത്ത് സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തുന്ന അനിശ്ചിതകാല സമരത്തോട് അനുഭാവപൂര്‍ണമായ സമീപനത്തിനു സര്‍ക്കാര്‍ ഒരുങ്ങുന്നു.
സമരം 763-ാം ദിവസത്തിലേയ്ക്ക് നീങ്ങുകയും ശ്രീജിത്തിന്റെ ആരോഗ്യനില വഷളാവുകയും ചെയ്തു. മാത്രമല്ല സാമൂഹ്യമാധ്യമങ്ങള്‍ ഒന്നാകെ ശ്രീജിത്തിന്റെ സമരം ഏറ്റെടുത്തിരിക്കുകയാണ്. ഇതെല്ലാം കണക്കിലെടുത്താണ് ഇപ്പോഴത്തെ സര്‍ക്കാരിന്റെ നീക്കം.
”ശ്രീജിത്തിന്റെ ആവശ്യത്തിനു എന്ത് പരിഹാരം വേണമെങ്കിലും ചെയ്യാന്‍ സര്‍ക്കാര്‍ ഒരുക്കമാണ്. ആവശ്യം ശ്രീജിത്ത് പറയട്ടെ. ശ്രീജിത്തിനു നീതി ലഭിക്കും – മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജന് പറഞ്ഞു.
ശ്രീജിത്തിന്റെ കേസില്‍ നീതിയുണ്ടാകണമെന്ന കാര്യത്തില്‍ സര്‍ക്കാരിനു നിര്‍ബന്ധമുണ്ട്. നീതി ശ്രീജിത്തിനു ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത് – എം.വി.ജയരാജന് പറഞ്ഞു.
ശ്രീജിത്തിന്റെ സഹോദരന്റെ മരണത്തില്‍ പൊലീസ് കംപ്ലൈയിന്റ്റ് അതോറിറ്റിയുടെ ശുപാര്‍ശ ലഭിച്ചപ്പോള്‍ തന്നെ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഉത്തരവിറക്കി. കഴിഞ്ഞ വര്‍ഷം സപ്തംബറിലാണ് ഉത്തരവിറക്കിയത്. ആ ഉത്തരവില്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാണ് സര്‍ക്കാര്‍ പറഞ്ഞത്. അഞ്ചു ലക്ഷം രൂപ ശ്രീജിത്തിനും അഞ്ചു ലക്ഷം രൂപ ശ്രീജിത്തിന്റെ അമ്മയ്ക്കും നല്‍കാനാണ് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയത്. ആ നഷ്ടപരിഹാരം നല്കി – ജയരാജന് പറഞ്ഞു.
ശ്രീജിത്തിന്റെ സഹോദരന് ശ്രീജിവിന്റെ മരണത്തിനു ഉത്തരവാദികളായി നാലുപേരെയാണ് പൊലീസ് കംപ്ലൈയിന്റ്റ് അതോറിറ്റി ചൂണ്ടിക്കാട്ടിയത്. അവരെ മാറ്റി നിര്‍ത്തി പ്രത്യേക സംഘം അന്വേഷിക്കാനും സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. നഷ്ടപരിഹാരം നല്കിയ തുക ഈ പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് തിരിച്ചു പിടിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഒപ്പം മറ്റ് നടപടികള്‍ നടത്തുക. എന്നാല്‍ നഷ്ടപരിഹാരം കയ്യില്‍ നിന്ന് ഈടാക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിയപ്പോള്‍ ശ്രീജിത്തിന്റെ സഹോദരന്റെ മരണത്തിനു ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥര്‍ ഹൈക്കോടതിയെ സമീപിച്ചു. അതോടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. അത് നിലവില്‍ സ്റ്റേയിലാണ് നില്‍ക്കുന്നത്. ശ്രീജിത്ത് നാലുതവണ സര്‍ക്കാരിനു മുന്നില്‍ വന്നു. ആ നാല് തവണയും ശ്രീജിത്ത് ആവശ്യപ്പെട്ടതെല്ലാം സര്‍ക്കാര്‍ ഭാഗത്ത് നിന്നുണ്ടായി – എം.വി.ജയരാജന് പറഞ്ഞു.
പൊലീസുകാര്‍ക്കെതിരായ നടപടി പൊലീസുകാര്‍ തന്നെ നടത്തുന്നത് അനീതിയാണെന്ന് ശ്രീജിത്ത് പറഞ്ഞിരുന്നു. ഇത് കുറ്റക്കാരെ രക്ഷപ്പെടാനാണ് സഹായിക്കുക. അതിനാല്‍ സിബി ഐ അന്വേഷണം നടത്തണമെന്ന് ശ്രീജിത്ത് ആവശ്യപ്പെട്ടിരുന്നു.
ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂണ്‍ ഒന്‍പതിന് ശ്രീജീവിന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിനു സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ ഇറക്കി. ജൂലൈ 18 നു ശ്രീജിവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാര്‍ കേന്ദ്രത്തിനു കത്തെഴുതി.
എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ പേഴ്സണല്‍ മന്ത്രാലയം ഈ ആവശ്യം നിരസിച്ചു. ഈ കേസില്‍ തങ്ങളുടെ അന്വേഷണം ആവശ്യമില്ലെന്നാണ് സിബിഐയുടെ വിലയിരുത്തല്‍. അതുകൊണ്ട് തന്നെ ഈ കാര്യത്തില്‍ എന്ത് വേണമെന്നുള്ള അവസാന തീരുമാനം ശ്രീജിത്ത് തന്നെയെടുക്കട്ടെ എന്നാണ് സര്‍ക്കാര്‍ പറയുന്നത്.
2014 മെയ് 21 നാണ് ശ്രീജിത്തിന്റെ അനുജന് ശ്രീജിവ് പാറശാല പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ മരിക്കുന്നത്. വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് ശ്രീജിവിന്റെ മരണത്തെക്കുറിച്ച് പൊലീസ് പറഞ്ഞത്. സംഭവത്തില്‍ ശ്രീജിത്ത് നല്കിയ പരാതിയില്‍ ഡി.വൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന് കേസ് അന്വേഷണിക്കണമെന്ന് സ്റ്റേറ്റ് പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റി ഉത്തരവിട്ടിരുന്നു. കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കാനും ഉത്തരവിട്ടിരുന്നു. ഈ ശുപാര്‍ശയാണ് സര്‍ക്കാര്‍ നടപ്പിലാക്കിയത്. ആരോപണവിധേയരായ ഉദ്യോഗസ്ഥരാണ് ഈ തുക നല്‍കേണ്ടതെന്നും വിധിച്ചിരുന്നു. എന്നാല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഹൈക്കോടതിയില്‍ പോയതോടെ ഉത്തരവിന് സ്റ്റേ ലഭിച്ചു. സിബിഐ അന്വേഷണം ഇല്ലെന്നു കേന്ദ്രവും അറിയിച്ചു.
ഈ സാഹചര്യത്തിലാണ് ശ്രീജിത്തിന്റെ തീരുമാനത്തിനു സര്‍ക്കാര്‍ കാക്കുന്നത്. നിലവില്‍ സമരം തുടരുന്ന ശ്രീജിത്തിന്റെ ആരോഗ്യനില വഷളായിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മറ്റ് രാഷ്ട്രീയ നേതാക്കളും ശ്രീജിത്തിന്റെ സമരത്തില്‍ ഇടപെട്ടിട്ടുണ്ട്.