മകളെ കൈയ്യും കാലും കെട്ടി ബക്കറ്റിലിട്ട് കൊന്നത് ഭര്‍ത്താവ് ശാസിച്ചതു കൊണ്ട്

കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് നാലു വയസ്സായ മകളെ കൊലപ്പെടുത്തിയ യുവതിയില്‍ നിന്നും പോലീസ് മൊഴിയെടുത്തു. ബന്ധുവീട്ടില്‍ നിന്നും പണം മോഷ്ടിച്ചത് പിടിക്കപ്പെട്ടതിലുള്ള മനോവിഷമത്തിനാണ് മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതെന്ന് സഫൂറ പോലീസിനോട് പറഞ്ഞു. ഇതിനെത്തുടര്‍ന്ന് സഫൂറയെ നാദാപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.

നാലുവയസ്സുള്ള മകള്‍ ഇന്‍ഷാ ലാമിയയെ കൈയ്യും കാലും കെട്ടി കുളിമുറിയിലെ ബക്കറ്റിലാണ് അമ്മ സഫൂറ മുക്കി കൊന്നത്. തുടര്‍ന്ന് ഒന്നര വയസ്സുള്ള മകനെയും കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരും ബന്ധുക്കളുമെത്തി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. സഫൂറ ഭര്‍തൃപിതാവിന്റെ സഹോദരിയുടെ വീട്ടില്‍ നിന്നും 11,000രൂപ മോഷ്ടിച്ചു. ഇത് ബന്ധുക്കള്‍ അറിഞ്ഞതോടെ ഭര്‍ത്താവ് സഫൂറയെ ശാസിക്കുകയും ഒപ്പം കുട്ടികളെയും സഫൂറയെയും വേണ്ടെന്ന് പറയുകയും ചെയ്തു. ഇതിലുള്ള മനോവിഷമത്തില്‍ കുട്ടികളെ കെന്ന് ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു സഫൂറ. ഇവര്‍ രണ്ട് കൈയ്യും ബ്ലേഡ് കൊണ്ട് മുറിച്ചിരുന്നു.

അടുത്തദിവസം സഫൂറയെയും മക്കളെയും വിദേശത്ത് കൊണ്ട് പോകാന്‍ ഭര്‍ത്താവ് തീരുമാനിച്ചിരിക്കവെയാണ് ഈ ദാരുണ സംഭവം. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ടാമത്തെ കുട്ടിയുടെ നില മെച്ചപ്പെട്ടിട്ടുണ്ട്.