കൃഷ്‌ണമൃഗത്തെ വേട്ടയാടി കൊന്ന കേസില്‍ സല്‍മാന്‍ ഖാന്‍ 5 വർഷം തടവ്

ജോധ്പുർ:മാനിനെ വേട്ടയാടിയ കേസിൽ ബോളിവുഡ് നടൻ സൽമാൻ ഖാന് 5 വർഷം തടവ്. 50,000 രൂപ പിഴശിക്ഷയും വിധിച്ചു. ശിക്ഷ മൂന്നു വർഷത്തിൽ കുറവായതിനാൽ ഇന്നു തന്നെ ജാമ്യം ലഭിക്കും. സൽമാൻ കുറ്റക്കാരനെന്നു രാവിലെ ജോധ്പൂർ കോടതി കോടതി വിധിച്ചിരുന്നു. വേട്ടയ്ക്കിടെ സൽമാനൊപ്പമുണ്ടായിരുന്ന സെയ്ഫ് അലിഖാൻ, സൊനാലി ബേന്ദ്ര, തബു, നീലം എന്നിവരെ വെറുതെവിട്ടു. പ്രദേശവാസിയായ ദുഷ്യന്ത് സിങ് എന്ന വ്യക്തിയെയും കുറ്റവിമുക്തനാക്കിയിട്ടുണ്ട്. കേസെടുത്ത് 20 വർഷത്തിനുശേഷമാണ് വിധി വന്നിരിക്കുന്നത്. ജോധ്പുർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ദേവ്കുമാർ ഖത്രിയാണു വിധി പ്രസ്താവിച്ചത്.

സൽമാൻ ഖാനും മറ്റ് അ‍ഞ്ചുപേരും 1998 ഒക്ടോബർ ഒന്നിനു രാത്രിയാത്രയ്ക്കിടെ രണ്ടു മാനുകളെ വെടിവച്ചുകൊന്നെന്നാണു കേസ്. ‘ഹം സാത്ത് സാത്ത് ഹേ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി രാജസ്‌ഥാനിലെ ജോധ്‌പൂരിൽ എത്തിയപ്പോഴാണ് കൻകാനി ഗ്രാമത്തിനു സമീപം ഗോധ ഫാമിൽ കൃഷ്‌ണമൃഗത്തെ വേട്ടയാടി കൊന്നത്. സൽമാനായിരുന്നു ജിപ്സി ഓടിച്ചിരുന്നത്. മാനുകളുടെ കൂട്ടത്തെ കണ്ടപ്പോൾ വാഹനം നിർത്തി വെടിവയ്ക്കുകയായിരുന്നു. രണ്ടു മാനുകൾ ചാകുകയും ചെയ്തു

വന്യജീവി സംരക്ഷണ നിയമം ലംഘിച്ചു മാനുകളെ വെടിവച്ചു കൊന്നതിനു റജിസ്റ്റർ ചെയ്ത കേസിൽ ജോധ്പുർ കോടതിയിൽ മാർച്ച് 28നു വാദം പൂർത്തിയായിരുന്നു. ആറു വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. വിധി കേൾക്കാൻ രാവിലെത്തന്നെ സൽമാൻ ഖാൻ കോടതിയിലെത്തിയിരുന്നു. മറ്റുള്ള നടീനടന്മാരും തങ്ങളുടെ കുടുംബാഗങ്ങൾക്കൊപ്പം കോടതിയിലെത്തി. വിധിപ്രസ്താവത്തിനു മുന്നോടിയായി വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

മാനുകളെ വേട്ടയാടിയതിനു റജിസ്റ്റർ ചെയ്യപ്പെട്ട കേസിനൊപ്പം അനധികൃതമായി ആയുധം കൈവശം വച്ചെന്ന കേസിൽ നേരത്തേ സൽമാനെതിരെ കുറ്റവിമുക്തനാക്കിയിരുന്നു. സംശയത്തിന്റെ ആനുകൂല്യം നൽകിയാണ് ഖാനെ വെറുതെവിട്ടത്. മാനുകളെ വേട്ടയാടാൻ ഉപയോഗിച്ച തോക്കുകൾ പിടിച്ചെടുത്തപ്പോൾ ഇവയുടെ ലൈസൻസ് കാലാവധി കഴിഞ്ഞവയാണെന്നു കണ്ടെത്തിയതോടെയാണ് അനധികൃതമായി ആയുധം കൈവശം വച്ചതിനു കേസ് എടുത്തത്.

മാൻവേട്ടയുമായി ബന്ധപ്പെട്ട രണ്ടു കേസുകളിൽ രാജസ്ഥാൻ ഹൈക്കോടതി സൽമാനെ കുറ്റവിമുക്തനാക്കിയിരുന്നു. ഈ കേസുകളുമായി ബന്ധപ്പെട്ടു 2006ലും 2007ലും ചുരുങ്ങിയ ദിവസങ്ങൾ സൽമാൻ ജയിലിൽ കഴിഞ്ഞിരുന്നു. മൂന്നാമത്തെ കേസിലാണ് ഇപ്പോഴത്തെ വിധി

Loading...