നിപ്പാ വൈറസിനെതിരെ മുൻ കരുതലെടുക്കാം

കോഴിക്കോട്: പനിമരണവുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാരിന്റെ റിപ്പോര്‍ട്ട് നാളെ വൈകീട്ട് ലഭിക്കും. പ്രദേശത്തെ പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കിയതായി വിദഗ്ധ സംഘം അറിയിച്ചു.

മരണ കാരണം ഏതു വൈറസ് മൂലമാണ് എന്ന് ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. വൈറോളജി പരിശോധനയുടെ ഫലം പുറത്തുവന്നാൽ മാത്രമേ എന്താണ് മരണകാരണമെന്ന് വ്യക്തമാവുകയുള്ളൂ. എങ്കിലും ഏറ്റവും കൂടുതൽ സംശയങ്ങൾ ഉണ്ടാകുന്നത് നിപ്പാ വൈറസ് സംബന്ധിച്ചാണ്. എന്താണ് നിപ്പാ വൈറസ്?

1997 ന്റെ തുടക്കം‌. ആഗോള കാലാവസ്ഥാ പ്രതിഭാസമായ എൽനിനോ മലേഷ്യൻ കാടുകളെ വരൾച്ചയിലേക്ക് നയിച്ചു. മരങ്ങളും ഫലങ്ങളും കരിഞ്ഞുണങ്ങി. പല മൃഗങ്ങളും പക്ഷികളും നാട്ടിലേക്കെത്തി. അധികം വൈകാതെ മലേഷ്യയിലെ വൻ പന്നിഫാമുകളിലെ പന്നികളെ അജ്ഞാതമായ ഒരു രോഗം ബാധിച്ചുതുടങ്ങി. പന്നികൾ കൂട്ടമായി മരണത്തിന് കീഴടങ്ങി.എന്നാൽ സത്യത്തിൽ ഈ അവസ്ഥ ഏറെ ഭീഷണമായത് സമാനമായ രോഗം മനുഷ്യരെയും ബാധിച്ചു തുടങ്ങിയപ്പോഴാണ്. ഇരുന്നൂറിൽ പരം പേരെയാണ് രോഗം ബാധിച്ചത്. ഇതിൽ നൂറിലധികം ആളുകൾ മരണപ്പെടുകയും ചെയ്തു. ഇതൊരു പുതിയ രോഗമാണ് എന്ന് തിരിച്ചറിഞ്ഞതോടെ ആശങ്ക വർധിച്ചു.

ഈ സമയം കൊണ്ട് തന്നെ കൊടുങ്കാറ്റുപോല നിപ്പാ വൈറസ് ബാധ പടർന്നു. അവസാനം ഒരു രോഗിയുടെ തലച്ചോറിനുള്ളിലെ നീരിൽ നിന്നും വേർതിരിച്ചെടുക്കാൻ സാധിച്ചതോടെയാണ് അസുഖ കാരിയായ വൈറസിന്റെ സാന്നിധ്യം ലോകം തിരിച്ചറിഞ്ഞത്.

ഈ വൈറസിനെതിരെ പ്രയോഗിക്കാൻ ഫലപ്രദമായ മരുന്നുകളൊന്നും മലേഷ്യൻ ആരോഗ്യ വിഭാഗത്തിന്റെ കയ്യിലോ ലോകാരോഗ്യസംഘടനയുടെ തന്നെ കയ്യിലോ ഉണ്ടായിരുന്നില്ല. രോഗത്തിൻറെ കേന്ദ്രമായി പ്രവർത്തിച്ച പന്നികളെ കൊന്നൊടുക്കുകയായിരുന്നു വ്യാപനം പ്രതിരോധിക്കാനായി കണ്ടെത്തിയ ഏക മാർഗം. മലേഷ്യയിലെ 6000 കോടി രൂപയുടെ പന്നി വ്യാപാരത്തിന്റെ ഏതാണ്ട് പൂർണ്ണമായ തകർച്ചയ്ക്കാണ് ഇതു വഴിവച്ചത്. പന്നികൾക്ക് മലേഷ്യൻ നരിച്ചീറുകളിൽ നിന്നാണ് രോഗം പകർന്നത് എന്ന് കണ്ടെത്തിയതോടെ മലേഷ്യൻ നരിച്ചീറുകളിൽ ഈ രോഗാണുവിന്റെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടു.

മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ്പാ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ മനുഷ്യരിലേക്ക് പകരാൻ സാധ്യതയുണ്ട്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരാം. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലർന്ന പാനീയങ്ങളും വവ്വാൽ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും പകരാം.

രോഗലക്ഷണങ്ങൾ

അഞ്ച് മുതൽ 14 ദിവസം വരെയാണ് ഇൻകുബേഷൻ പീരിയഡ്. രോഗബാധ ഉണ്ടായാലും ലക്ഷണങ്ങൾ വ്യക്തമാകാൻ ഇത്രയും ദിവസങ്ങൾ വേണം. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങൾ. ചുമ, വയറുവേദന, മനംപിരട്ടൽ, ഛർദി, ക്ഷീണം, കാഴ്ചമങ്ങൽ തുടങ്ങിയ ലക്ഷണങ്ങളും അപൂർവമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങൾ ആരംഭിച്ച് ഒന്നുരണ്ടു ദിവസങ്ങൾക്കകം തന്നെ കോമ അവസ്ഥയിലെത്താൻ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എൻസഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്.

തൊണ്ടയിൽ നിന്നും മൂക്കിൽ നിന്നുമുള്ള ശ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്പൈനൽ ഫ്ളൂയിഡ് എന്നിവയിൽനിന്നും റിയൽ ടൈം പോളിമറേസ് ചെയിൻ റിയാക്ഷൻ ഉപയോഗിച്ച് വൈറസിനെ വേർതിരിച്ചെടുക്കാൻ സാധിക്കേണ്ടതാണ്. അസുഖം പുരോഗമിക്കുന്ന ഘട്ടത്തിൽ എലൈസ പരിശോധനയിലൂടെയും തിരിച്ചറിയാൻ സാധിക്കും. മരണപ്പെട്ടവരുടെ പോസ്റ്റ്മോർട്ടം പരിശോധനയിൽ കലകളിൽ നിന്നെടുക്കുന്ന സാമ്പിളുകളിൽ ഇമ്യൂണോഹിസ്റ്റോകെമിസ്ട്രി പരിശോധന നടത്തിയും അസുഖം സ്ഥിരീകരിക്കാൻ സാധിക്കും. അസുഖം വന്നതിനു ശേഷമുള്ള ചികിത്സ അത്ര ഫലപ്രദമല്ല. അതുകൊണ്ടുതന്നെ പ്രതിരോധമാണ് ഏറ്റവും പ്രധാനം.

മുൻകരുതലുകൾ:

വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം മനുഷ്യശരീരത്തിൽ ഉള്ളിലെത്തിയാൽ അസുഖം ഉണ്ടാകാം. അങ്ങനെയുള്ള സാഹചര്യങ്ങളെല്ലാം ഒഴിവാക്കുക. ഉദാഹരണമായി വവ്വാലുകൾ ധാരാളമുള്ള സ്ഥലങ്ങളിൽ നിന്നും തുറന്ന കലങ്ങളിൽ ശേഖരിക്കുന്ന കള്ള് ഒഴിവാക്കുക.
വവ്വാലുകൾ കടിച്ച ചാമ്പങ്ങ, പേരയ്ക്ക, മാങ്ങ പോലുള്ള കായ്ഫലങ്ങൾ ഒഴിവാക്കുക.

രോഗിയുമായി സമ്പർക്കം ഉണ്ടായതിനു ശേഷം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക.
രോഗിയുമായി ഒരു മീറ്റർ എങ്കിലും ദൂരം പാലിക്കുകയും, രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും ചെയ്യുക. രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കുള്ള സാമഗ്രികൾ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.

രോഗം വന്നു മരണമടഞ്ഞ ആളിൽ നിന്നും രോഗം പടരാതിരിക്കാൻ എടുക്കേണ്ട മുൻകരുതലുകൾ:

മൃതദേഹം കൊണ്ടുപോകുന്ന സമയത്ത് മുഖവുമായും, ശാരീരികസ്രവങ്ങളുമായും സമ്പർക്കം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക.മുഖത്തു ചുംബിക്കുക, കവിളിൽ തൊടുക എന്നിങ്ങനെയുള്ള സ്നേഹപ്രകടനങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്.മൃതദേഹത്തെ കുളിപ്പിക്കുന്ന സമയത്ത് മുഖം മറക്കുക.
മൃതദേഹത്തെ കുളിപ്പിച്ചതിനു ശേഷം കുളിപ്പിച്ച വ്യക്തികൾ ദേഹം മുഴുവൻ സോപ്പ് തേച്ച് കുളിക്കേണ്ടതാണ്.
മരണപ്പെട്ട വ്യക്തി ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ, പാത്രങ്ങൾ തുടങ്ങിയ വീണ്ടും ഉപയോഗിക്കാവുന്ന സാധനങ്ങൾ സോപ്പോ detergent ഓ ഉപയോഗിച്ചു കഴുകേണ്ടതാണ്.കിടക്ക, തലയിണ എന്നിവ പോലെയുള്ളവ സൂര്യപ്രകാശത്തിൽ കുറച്ചധികം ദിവസം ഉണക്കേണ്ടതാണ്.ആരോഗ്യവകുപ്പ് ഈ വിഷയത്തിൽ നൽകുന്ന നിർദേശങ്ങൾ ശ്രദ്ധിക്കുകയും പാലിക്കുകയും ചെയ്യുക.

ഒരിക്കൽക്കൂടി ഓർമിപ്പിക്കുന്നു; കേരളത്തിൽ സംഭവിച്ച ഈ മരണങ്ങൾ നിപ്പാ വൈറസ് ബാധിച്ചത് മൂലമാണ് എന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. എങ്കിലും നിപ്പാ വൈറസ് ബാധയുടെ ചില പൊതുവായ വിവരങ്ങളും പ്രതിരോധമാർഗങ്ങളും വിവരിച്ചു എന്ന് മാത്രം.

ഒരിക്കലും പരിഭ്രാന്തരാകേണ്ട കാര്യമില്ല. ഉത്തരവാദിത്തപ്പെട്ട പൗരനെന്ന നിലയിൽ നമുക്ക് കരുതൽ സ്വീകരിക്കാം. വാലും തലയുമില്ലാത്ത വാട്സാപ്പ് സന്ദേശങ്ങൾ വായിച്ചാശങ്കപ്പെടാതെ ശരിയായ വിവരങ്ങൾ അറിഞ്ഞു വയ്ക്കാം. ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാം