വിവാദങ്ങള്‍ക്കൊടുവില്‍ 25ന് പത്മാവതിയെത്തുന്നു

മുംബൈ: ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവതി ജനുവരി 25ന് തിയേറ്ററുകളിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. മുംബൈ മിറര്‍ ആണ് ഇത് സംബന്ധിച്ച് വാര്‍ത്ത പുറത്തുവിട്ടത്. കഴിഞ്ഞ ഡിസംബര്‍ 30നാണ് ഉപാധികളോടെ പത്മാവതിക്ക് സെന്‍സര്‍ ബോര്‍ഡ് യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.

എന്നാല്‍ ഈ സിനിമയുടെ റിലീസ് സംബന്ധിച്ച് സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയോ ചിത്രത്തിന്റെ നിര്‍മ്മാതാക്കളോ പ്രതികരണത്തിന് തയ്യാറായിട്ടില്ല. 18 ദിവസത്തിനുള്ളില്‍ ചിത്രത്തിന്റെ റിലീസുമായി അണിയറ പ്രവര്‍ത്തകര്‍ മുന്നോട്ട്പോവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പത്മാവതി ജനുവരി 25ന് റിലീസ് ചെയ്യുന്നതിനാല്‍ ചില ബോളിവുഡ് ചിത്രങ്ങളുടെ റിലീസ് മാറ്റിവെച്ചിട്ടുണ്ട്.

ഏറെ വിവാദങ്ങള്‍ക്കൊടുവിലായിരുന്നു പത്മാവതിക്ക് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയത്. ചിത്രത്തിന്റെ പേര് പത്മാവത് എന്നാക്കണമെന്നും വിവാദമായേക്കാവുന്ന 26 രംഗങ്ങള്‍ ചിത്രത്തില്‍ നിന്നും നീക്കം ചെയ്യണമെന്നും നിര്‍ദേശമുണ്ട്. ചിത്രം തുടങ്ങുന്നതിന് മുന്‍പും ഇടവേള സമയത്തും ചിത്രത്തിന് യഥാര്‍ത്ഥ സംഭവവുമായി ബന്ധമില്ലെന്ന് മുന്നറിയിപ്പ് നല്‍കണമെന്ന് അണിയറ പ്രവര്‍ത്തകരോട് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു.

നേരത്തെ ഡിസംബര്‍ ഒന്നിന് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നതില്‍ കാലതാമസം വന്നതിനെ തുടര്‍ന്ന് നിര്‍മാതാക്കള്‍ റിലീസിംഗ് മാറ്റിവെക്കുകയായിരുന്നു. രണ്‍വീര്‍ സിംഗും ദീപികാ പദുക്കോണുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അതേസമയം പത്മാവതി നിരോധിക്കണമെന്നാവശ്യവുമായി രജപുത് കര്‍ണിസേന വീണ്ടും രംഗത്തെത്തിയിരുന്നു. പേരുമാറ്റിയതുകൊണ്ടോ ചിത്രത്തിലെ രംഗങ്ങള്‍ നീക്കം ചെയ്തതുകൊണ്ടോ കാര്യമില്ലെന്നും കര്‍ണിസേന കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സിനിമ പ്രദര്‍ശിപ്പിച്ചാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ നേരിടാന്‍ സെന്‍സര്‍ ബോര്‍ഡും കേന്ദ്ര സര്‍ക്കാരും ബാധ്യസ്ഥരാണെന്നും കര്‍ണിസേന മുന്നറിയിപ്പ് നല്‍കിയിരുന്നു