ഫഹദിന്റെ നായികയായി നസ്രിയ വീണ്ടുമെത്തുന്നു

നടന്‍ ഫഹദ് ഫാസിലുമായുള്ള വിവാഹത്തിന് ശേഷം അഭിനയത്തില്‍ നിന്നും തല്‍ക്കാലം വിട്ടുനില്‍ക്കുകയായിരുന്നു നടി നസ്രിയ നസിം. ബംഗ്ലൂര്‍ ഡേയിസിന് ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും നസ്രിയ അഭിനയിക്കുന്നുണ്ട്. ഇതാണ് തിരിച്ചുവരവിനുശേഷമുള്ള നസ്രിയയുടെ ആദ്യ സിനിമ.

എന്നാല്‍, അഞ്ജലി മേനോന്‍ ചിത്രത്തിനുശേഷം നസ്രിയ ജോയിന്‍ ചെയ്യുക അന്‍വര്‍ റഷീദിന്റെ ചിത്രത്തിലാണ്. അതും ഫഹദ് ഫാസിലിന്റെ നായികയായി. വിവാഹത്തിന് മുമ്പ് ഇരുവരും ചെയ്ത ബാംഗ്ലൂര്‍ ഡെയ്സില്‍ ജോഡികളായിട്ടായിരുന്നു നസ്രിയയും ഫഹദും അഭിനയിച്ചത്. ഇപ്പോള്‍ വിവാഹത്തിന് ശേഷവും ഇരുവരും ജോഡികളാവുകയാണ്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സിലാണ് ദമ്പതികള്‍ സിനിമാ ജോഡികളാകുന്നത്.

പൃഥ്വിരാജ് നായകനായ അഞ്ജലി മേനോന്‍ ചിത്രത്തില്‍ പൃഥ്വിയുടെ സഹോദരിയായിട്ടാണ് നസ്രിയ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായിട്ടുണ്ട്. പാര്‍വതിയാണ് ചിത്രത്തിലെ മറ്റൊരു നായിക. മികച്ച വേഷങ്ങള്‍ ലഭിച്ചാല്‍ അഭിനയ രംഗത്ത് തുടരുമെന്ന സൂചനയാണ് ട്രാന്‍സിലൂടെ നസ്റിയ നല്‍കുന്നത്.

വിനായകന്‍, സൗബിന്‍ ഷാഹിര്‍, ഗൗതം മേനോന്‍, ചെമ്ബന്‍ വിനോദ്, ദിലീഷ് പോത്തന്‍, ശ്രീനാഥ് ഭാസി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.