മുംബൈയിൽ കനത്ത മഴ:വിദ്യാഭ്യാസ സ്​ഥാപനങ്ങൾക്ക്​ അവധി

മഹാരാഷ്​ട്ര: മുംബൈയിൽ കനത്ത മഴയെ തുടർന്ന്​ സ്​കൂളുകളും കോളജുകളുമടക്കം വിദ്യാഭ്യാസ സ്​ഥാപനങ്ങൾക്ക്​ ഇന്ന്​ അവധി പ്രഖ്യാപിച്ചു. കനത്ത മഴയില്‍ വെള്ളം നിറഞ്ഞ റോഡിലെ ഗട്ടറില്‍ വീണു ബൈക്ക് മറിഞ്ഞു യാത്രക്കാരി ബസ് കയറി മരിച്ചു. കല്യാണിലെ സ്‌കൂളില്‍ ജോലി ചെയ്യുന്ന മനീഷ ഭോയിര്‍ ആണ് അപകടത്തില്‍ പെട്ടത്. മഴ പെയ്യുമ്പോള്‍ വെള്ളം നിറഞ്ഞ റോഡിലൂടെ ബൈക്കിനു പിന്നില്‍ കുട ചൂടി മനീഷ യാത്ര ചെയ്യുന്നതു സിസിടിവി ദൃശ്യങ്ങളില്‍ കാണാം. റോഡിലെ ഗട്ടറില്‍ വീണു ബൈക്ക് ചെരിഞ്ഞതോടെ, പിന്നിലിരുന്ന മനീഷ തൊട്ടടുത്തു കൂടി കടന്നുപോയ ബസിനടിയിലേക്കു വീഴുകയായിരുന്നു.

അഹമ്മദാബാദ്, മുംബൈ, താനെ, അടക്കം പ്രധാന നഗരങ്ങളിലും കനത്തമഴ തുടരുകയാണ്. ഇടവിട്ട് പെയ്യുന്ന മഴയെത്തുടർന്നു പലയിടത്തും വെള്ളക്കെട്ട് രൂക്ഷമായി. എന്നാൽ മുംബൈയിലെ ലോക്കൽ ട്രെയിൻ ഗതാഗതത്തെ ഇതുവരെ മഴ ബാധിച്ചിട്ടില്ലെന്നും, സബർബൻ സർവീസുകൾ മുടക്കമില്ലാതെ നടക്കുന്നതായും മധ്യറയിൽവേ അറിയിച്ചു.

ബുധനാഴ്ച വരെ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി. മുംബൈയിലും കൊങ്കൺ മേഖലയിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. താനെ, പാൽഘർ, റായ്ഗഡ് ജില്ലകളിൽ കനത്ത മഴ ഇന്നും തുടരുമെന്നാണു മുന്നറിയിപ്പ്. സംസ്ഥാനത്ത് മഴയെ തുടർന്ന് വിവിധ അപകടങ്ങളിൽ ഈ വർഷം ഇതുവരെ മരിച്ചവരുടെ എണ്ണം 34 ആയി.

നിരത്തിൽ വാഹനങ്ങളുടെ എണ്ണവും കുറഞ്ഞു. എന്നാൽ, ചില പ്രദേശങ്ങളിൽ റോഡിലെ വെളളക്കെട്ട് മൂലം വാഹനങ്ങളിൽ വെള്ളം കയറി പലതും വഴിയിൽ കുടുങ്ങി. പെരുമഴയും വാഹനങ്ങൾ കേടാകുന്നതും ഭയന്ന് ടാക്സികളുടെ എണ്ണം കുറഞ്ഞത് യാത്രക്കാരെ വലച്ചു. ഉൗബർ, ഓല കാറുകളെ ആശ്രയിച്ചിരുന്നവരും ഇന്നലെ വലഞ്ഞു.