ഗണേഷ്‌കുമാറിന് പാരയായി കുഞ്ഞുമോന്‍; മന്ത്രിസ്ഥാനത്തിന് പിടിവലി

തിരുവനന്തപുരം: എന്‍സിപിയുടെ രണ്ട് എംഎല്‍എമാര്‍ക്കും മന്ത്രിപദ സാധ്യത ഉടനില്ലെന്നു തെളിഞ്ഞതോടെ, മന്ത്രിസഭാപ്രാതിനിധ്യം നഷ്ടപ്പെടാതിരിക്കാന്‍ കഴിയുന്ന രാഷ്ട്രീയ തീരുമാനമെടുക്കണമെന്ന വാദം പാര്‍ട്ടിയില്‍ ശക്തമായി. അക്കാര്യത്തില്‍ അഭിപ്രായവ്യത്യാസമില്ലെങ്കിലും പുറത്തുനിന്ന് ആരെ മന്ത്രിയാക്കുമെന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമാണ്. കെ.ബി.ഗണേഷ്‌കുമാറിനുവേണ്ടി ഒരു വിഭാഗവും കോവൂര്‍ കുഞ്ഞുമോനുവേണ്ടി മറുവിഭാഗവുമാണു രംഗത്ത്.

ചാണ്ടിക്കും ശശീന്ദ്രനുമെതിരെയുള്ള കേസുകളില്‍നിന്ന് ഇരുവരും ഉടനെ മുക്തി നേടാനുള്ള സാധ്യത കുറവാണെന്ന് എന്‍സിപി മനസിലാക്കുന്നു. ചാണ്ടി രാജിവച്ചപ്പോള്‍ മുഖ്യമന്ത്രി ഏറ്റെടുത്ത ഗതാഗതവകുപ്പ് സിപിഎമ്മിലെ ആര്‍ക്കെങ്കിലും കൈമാറിയാല്‍ പിന്നെ എന്‍സിപിയുടെ മന്ത്രിസാധ്യതയും ഇല്ലാതാകും. അതിലും ഭേദം, പുറത്തുനില്‍ക്കുന്ന ഇടത് എംഎല്‍എമാരില്‍ ഒരാളെ പാര്‍ട്ടിയിലെത്തിച്ച് എന്‍സിപിയുടെ മന്ത്രിയാക്കുകയാണു വേണ്ടതെന്ന അഭിപ്രായമാണു ഗണേഷ്‌കുമാറിന്റെയും കുഞ്ഞുമോന്റെയും സാധ്യത വര്‍ധിപ്പിക്കുന്നത്.

ഗണേഷ്‌കുമാറിനുവേണ്ടി എന്‍സിപി സംസ്ഥാനപ്രസിഡന്റ് ടി.പി.പീതാംബരന്‍ നില്‍ക്കുമ്പോള്‍, കോവൂര്‍ കുഞ്ഞുമോനെയാണു തോമസ് ചാണ്ടി വിഭാഗം പരിഗണിക്കുന്നത്. എ.കെ.ശശീന്ദ്രന്റെ കൂടി വിശ്വാസം നേടാനാണു ചാണ്ടി വിഭാഗത്തിന്റെ ശ്രമം. പിള്ളയും ഗണേഷ്‌കുമാറുമെത്തിയാല്‍ പാര്‍ട്ടി അവരുടെ പിടിയിലാകുമെന്ന ആശങ്ക ചാണ്ടി പക്ഷത്തിനുണ്ട്. കുഞ്ഞുമോനില്‍നിന്ന് അത്തരം നീക്കങ്ങളുണ്ടാകാനിടയാകാത്തതിനാല്‍ അദ്ദേഹത്തെ ഒപ്പം കൂട്ടണമെന്ന അഭിപ്രായം കേന്ദ്രനേതൃത്വത്തെ അറിയിക്കാനാണ് ആലോചന. ഗണേഷ്‌കുമാറിനെ എന്‍സിപിയിലെത്തിച്ചു മന്ത്രിയാക്കാനുള്ള നീക്കം ഏതാനും ആഴ്ച മുന്‍പ് ടി.പി.പീതാംബരന്റെ നേതൃത്വത്തില്‍ നടന്നുവെങ്കിലും അതു പൊളിഞ്ഞിരുന്നു. പാര്‍ട്ടിയെയാകെ വിശ്വാസത്തിലെടുക്കാതെ നീക്കം നടത്തിയതാണ് എതിര്‍പ്പിനു വഴിയൊരുക്കിയത്.

ഇടഞ്ഞുനിന്ന തോമസ് ചാണ്ടി – എ.കെ.ശശീന്ദ്രന്‍ വിഭാഗങ്ങള്‍ ഇതിനെതിരെ ഒരുമിച്ചതോടെ പീതാംബരന്‍ പിന്‍വലിഞ്ഞുവെങ്കിലും ആ നീക്കം ഉപേക്ഷിച്ചിട്ടില്ല. സിപിഎമ്മിന്റെ താല്‍പര്യപ്രകാരമാണു പാര്‍ട്ടിയിലെ മറ്റുള്ളവരെ ഇരുട്ടില്‍ നിര്‍ത്തി ഇങ്ങനെയൊരു സുപ്രധാന നീക്കത്തിനു പീതാംബരന്‍ തുനിഞ്ഞതെന്നാണു ഭൂരിഭാഗം നേതാക്കളും കരുതുന്നത്. സിപിഎം സംസ്ഥാനനേതൃത്വവുമായി അദ്ദേഹം ചര്‍ച്ചയും നടത്തിയിരുന്നു.

ഗതാഗതവകുപ്പ് നേരത്തേ കൈകാര്യം ചെയ്തയാളെന്ന നിലയില്‍ ഗണേഷിനു വീണ്ടും ഒരവസരം കൊടുക്കണമെന്ന ചിന്ത സിപിഎം നേതൃത്വത്തിലുണ്ട്. എന്നാല്‍, ഘടകകക്ഷികള്‍ക്കു മാത്രം മന്ത്രിസഭാപ്രാതിനിധ്യം നല്‍കിയാല്‍ മതിയെന്ന തീരുമാനമാണു മന്ത്രിസഭാരൂപീകരണവേളയില്‍ എല്‍ഡിഎഫ് എടുത്തത്. അതു ലംഘിച്ചു ഗണേഷിനെ മന്ത്രിയാക്കിയാല്‍ അതുപോലെ പുറത്തുനില്‍ക്കുന്ന കോവൂര്‍ കുഞ്ഞുമോന്‍, കെ.വിജയന്‍പിള്ള, പി.ടി.എ.റഹീം എന്നിവര്‍ വിവേചനം കാട്ടിയെന്ന പരാതിയുമായി രംഗത്തുവരും. അതുകൊണ്ടാണ് ഘടകകക്ഷിയായ എന്‍സിപിയില്‍ ചേര്‍ന്നു മന്ത്രിയാകാനുള്ള നീക്കം ഗണേഷ് നടത്തിയത്.

Loading...