ഒടിയനില്‍ താരമാകാന്‍ മഞ്ജു; വൈറലായി ലൊക്കേഷന്‍ ചിത്രങ്ങള്‍

സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ അവസാന ഷെഡ്യൂള്‍ പാലക്കാട് നടക്കുകയാണ്. മോഹന്‍ലാലിന്റെയും മഞ്ജു വാര്യരുടെയും പ്രകാശ് രാജിന്റെയും ചെറുപ്പകാലമാണ് പ്രധാനമായും ഈ ഷെഡ്യൂളില്‍ ചിത്രീകരിക്കുക.

ഇപ്പോഴിതാ സിനിമയിലെ മഞ്ജു വാരിയറിന്റെ ലുക്ക് പുറത്തുവന്നിരിക്കുന്നു. പ്രഭ എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം പാലക്കാട് ഒളപ്പമണ്ണമനയിലെത്തിയ വിഖ്യാത ഫൊട്ടോഗ്രഫര്‍ നിക്ക് ഉട്ട് ഒടിയന്‍ ലൊക്കേഷനിലെത്തിയിരുന്നു.

‘ഏറ്റവും ത്രില്ലിങ്ങും ചാലഞ്ചിങ്ങുമാണ് എന്റെ കഥാപാത്രം. കഥാപാത്രത്തിനുവേണ്ടി ലാലേട്ടന്‍ ചെയ്ത കഷ്ടപ്പാടുകള്‍ കണ്ടതാണ്. സിനിമയ്ക്കുവേണ്ടി നടത്തിയ മേക്കോവര്‍ അതിന്റെ ഉദാഹരണമാണ്. ഈ സിനിമയോട് അദ്ദേഹത്തിനുള്ള താല്‍പര്യവും വ്യക്തമാണ്. എന്റെയും ലാലേട്ടന്റെയും പ്രകടനം മെച്ചമായിട്ടുണ്ടെങ്കില്‍ അതിന്റെ ക്രെഡിറ്റ് മുഴുവന്‍ സംവിധായകനും തിരക്കഥാകൃത്ത് ഹരികൃഷ്ണനും ഉള്ളതാണ്. ലാലേട്ടനൊപ്പം ഇങ്ങനെയൊരു പ്രോജക്ടില്‍ ഭാഗമാകാന്‍ ആഗ്രഹിക്കാത്തവര്‍ ഉണ്ടാകില്ല. അങ്ങനെയൊരു ഭാഗ്യമാണ് എനിക്കു കിട്ടിയത്’ -മഞ്ജു പറഞ്ഞു.

ഒടിയന്‍ സിനിമയുടെ ചിത്രീകരണതിരക്കിലുളള മോഹന്‍ലാല്‍ നിക്കിനെ സ്വീകരിച്ചു. ഒപ്പം ചേര്‍ത്തു നിര്‍ത്തിയും സെല്‍ഫിയെടുത്തും നിക്ക് ഉട്ടായിരുന്നു പിന്നെ ലൊക്കേഷനിലെ താരം. ലൊക്കേഷന്‍ ചിത്രങ്ങള്‍ തന്റെ പേജിലൂടെ നിക്ക് പങ്കുവെയ്ക്കുകയും ചെയ്തു.

വി.എ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ എഴുതുന്നത് ദേശീയ അവാര്‍ഡ് ജേതാവ് ഹരികൃഷ്ണന്‍ ആണ്. വിവിധ ഗെറ്റപ്പുകളിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുക. സിനിമയ്ക്കായി താരം ഭാരം കുറച്ച് ചെറുപ്പമായത് വലിയ വാര്‍ത്തയായിരുന്നു.