സാമ്പത്തിക പ്രതിസന്ധിയില്‍ സംസ്ഥാനം; ഉദ്യോഗസ്ഥര്‍ക്ക് ആഡംബരയാത്ര അനുവദിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ആഡംബര വിമാനയാത്ര അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ്. ടിക്കറ്റ് നിരക്കിന് പുറമെ വിമാനത്തിലെ ഭക്ഷണമടക്കമുള്ള മറ്റ് സൗകര്യങ്ങള്‍ക്ക് ചെലവാകുന്ന അധിക തുകകൂടി യാത്രാചെലവിലേക്ക് ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇറക്കിയ ഉത്തരവിന്റെ പകര്‍പ്പ് ഇതിനോടകം മാധ്യമങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്.

മുണ്ടുമുറുക്കിയുടുക്കാന്‍ ബജറ്റില്‍ ധനമന്ത്രി പറഞ്ഞിട്ട് ഒരാഴ്ചപോലുമായില്ല. അതിന് മുമ്പെ സ്വന്തം വകുപ്പിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി തന്നെ മന്ത്രിയുടെ വാക്ക് കാറ്റില്‍ പറത്തി. വകുപ്പു തലവന്‍മാര്‍ മുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥര്‍ക്കാണ് ഭക്ഷണവും പാനിയവും ,സീറ്റ് മുന്‍ഗണനയും ലഗേജ് ചാര്‍ജും ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ യാത്രചെലവിന്റ ഭാഗമാക്കി ഉത്തരവിറക്കിയിരിക്കുന്നത്. സ്വകാര്യവിമാനക്കമ്പനികളുടെ വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ വരെ ഈ ആനുകൂല്യം കിട്ടും. എയര്‍ ഇന്ത്യയുെട വിമാനത്തിലെ ഫുള്‍ഫെയര്‍ ഇക്കോണമി ക്ലാസിലെ യാത്രക്കൂലിയ്ക്ക് തുല്യമായ തുകയാണ് സ്വകാര്യവിമാനത്തിലെ യാത്രയ്ക്കും അനുവദിച്ചിരിക്കുന്നത്.

പല സ്വകാര്യവിമാനക്കമ്പനികളും ഈ സൗകര്യങ്ങള്‍ക്ക് ഈടാക്കുന്ന തുക യാത്രക്കൂലിയിനത്തില്‍ ഉള്‍പ്പെടുത്താതെ പ്രത്യേകം ബില്ല് ചെയ്യുന്നതിനാല്‍ ഉദ്യോഗസ്ഥര്‍ക്ക് ഈ ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നില്ല. യാത്രാചെലവിന്റെ അനുവദനീയമായ പരിധിക്കുള്ളില്‍ വരുമെങ്കില്‍ പോലും അധികസൗകര്യങ്ങള്‍ക്ക് ഈടാക്കുന്ന തുക പ്രത്യേകം ബില്ല് ചെയ്യുന്നതിനാല്‍ ഉദ്യോഗസ്ഥര്‍ക്ക് എഴുതിയെടുക്കാന്‍ സാധിക്കില്ലായിരുന്നു. ഓരോ തവണയും ഉത്തരവിറക്കേണ്ട സ്ഥിതി ഒഴിവാക്കുന്നതിനാണ് ഇതെല്ലാം ചെലവിന്റ ഭാഗമാക്കി പുതിയ ഉത്തരവ് ഇറക്കിയതെന്നാണ് ധനവകുപ്പിന്റ വിശദീകരണം. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെ ഈ അധികച്ചെലവ് വേണ്ടിയിരുന്നോ എന്നതാണ് ചോദ്യം.

Loading...