താമരശേരി ഉരുള്‍പൊട്ടലില്‍ ആറുപേര്‍ മരിച്ചു, 13 പേരെ കാണാതായി

കോഴിക്കോട്: കരിഞ്ചോലയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം ആറായി.
ഇതില്‍ മൂന്നുപേര്‍ കുട്ടികളാണ്. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു. നാല് വീടുകള്‍ ഒലിച്ചു പോയി. കരിഞ്ചോലയില്‍ വീട്ടിനുള്ളില്‍ കുടുങ്ങിപ്പോയ ഒമ്പതു വയസുകാരി ദില്‍നയും സഹോദരനും മരിച്ചു. പുലര്‍ച്ചെ നാലുമണിയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. ഏറെ നേരം മണ്ണിനടിയില്‍ കിടന്ന കുടുംബത്തെ ആശുപത്രിയില്‍ എത്തിച്ചു. അവിടെ വെച്ചാണ് ദില്‍ന മരിച്ചത്. 48 അംഗ കേന്ദ്ര ദുരന്ത നിവാരണ സേന കോഴിക്കോട്ടേക്ക് വന്നുകൊണ്ടിരിക്കുകയാണ്.

കരിഞ്ചോലയിലെ ഹസന്‍ എന്നയാളുടെ കുടുംബത്തിലെ ഏഴു പേരേയും അബ്ദുറഹിമാന്റെ കുടുംബത്തിലെ നാല് പേരെയുമാണ് കാണാതായത്. ഇവരില്‍ രണ്ട് പേരെ പുറത്തെടുത്തു.കക്കയം, പുല്ലൂരാമ്പാറ, കരിഞ്ചോല, ചമല്‍, കട്ടിപ്പാറ, വേനപ്പാറ മേഖലയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. മലപ്പുറം ജില്ലയിലെ എടവണ്ണ ചാത്തല്ലൂരിലും ആനക്കല്ലിലും ഉരുള്‍പൊട്ടി.

കക്കയം ടൗണിന് സമീപവും ഉരുള്‍പൊട്ടലുണ്ടായി. വെള്ളപ്പൊക്കത്തില്‍ തിരുവമ്പാടി മേഖല പൂര്‍ണമായും ഒറ്റപ്പെട്ടു. ബാലുശേരി മങ്കയത്തും നിരവധി വീടുകള്‍ തകര്‍ന്നു. കോഴിക്കോട് – കൊല്ലഗല്‍ ദേശീയ പാതയില്‍ താമരശേരി ചുരത്തില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. വയനാട് ഭാഗത്തു നിന്ന് കുറ്റ്യാടി ചുരം വഴിയാണ് കോഴിക്കോട് ഭാഗത്തേക്ക് വാഹനങ്ങള്‍ യാത്ര ചെയ്യുന്നത്.

തൃശൂര്‍ ജില്ലയുടെ മലയോര മേഖലയില്‍ കനത്ത മഴ തുടരുകയാണ്. പെരിങ്ങല്‍കുത്ത് ഡാമിന്റെ ഷട്ടറുകള്‍ എല്ലാം തുറന്നുവിട്ടതായി കെ.എസ്.ഇ.ബി അറിയിച്ചു. മണ്ണിടിഞ്ഞുവീണ് കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ – ചെറുപുഴ റൂട്ടില്‍ ഗതാഗതം തടസ്സപ്പെട്ടു.