പ്രതിഷേധം പോരാ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ തയ്യാറുണ്ടോ കോടിയേരിയുടെ ചോദ്യം; എങ്കില്‍ പിന്തുണ കൊടുക്കുമോ എന്ന് പരിശോധിക്കുമെന്നും കോടിയേരി

തിരുവനന്തപുരം: രാജ്യസഭാ സീറ്റിനെ ചൊല്ലി
പ്രതിഷേധം ഉയർത്തുന്ന കോണ്‍ഗ്രസ് എംഎൽഎമാരും നേതാക്കളും
രാജ്യസഭാ തെരഞ്ഞെടുപ്പിൽ ജോസ് കെ. മാണിക്കെതിരേ സ്ഥാനാര്‍ത്ഥി
യെ രംഗത്തിറക്കണമെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. അങ്ങനെ സംഭവിച്ചാൽ ഇടതുപക്ഷം ആ സ്ഥാനാർഥിക്ക് പിന്തുണ കൊടുക്കുമോ എന്ന് പരിശോധിക്കുമെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.

രാജ്യസഭയിലേക്ക് ജോസ് കെ. മാണി പോകുന്പോൾ കോട്ടയത്ത് ഉപതെരഞ്ഞെടുപ്പിനെ നേരിടാൻ തയാറുണ്ടോ എന്ന് കേരള കോണ്‍ഗ്രസ്-എം വ്യക്തമാക്കണം. രാജ്യസഭാ തെരഞ്ഞെടുപ്പിന്‍റെ പേരിൽ കോണ്‍ഗ്രസിൽ നടക്കുന്ന പോര് സ്ഥാനമാനങ്ങൾ ലക്ഷ്യംവച്ചുള്ളത് മാത്രമാണ്. അതിനാലാണ് എൽഡിഎഫ് രാജ്യസഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനാർഥിയെ നിർത്താത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യസഭയിലേക്ക് പോകാൻ ലോക്സഭാംഗത്വം രാജിവയ്ക്കുന്ന ജോസ് കെ. മാണിയുടെ നടപടി കോട്ടയം മണ്ഡലത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്‌. . ഒരു വർഷം കൂടി തന്‍റെ ടേം പൂർത്തിയാകാനിരിക്കേ ജോസ് കെ. മാണിയുടെ രാജി വഴി മണ്ഡലത്തിന് ഏഴ് കോടിയോളം രൂപയുടെ നഷ്ടമുണ്ടാകുമെന്നും കോടിയേരി പറഞ്ഞു.