ഗുവാഹത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിര്‍ണായക പോരാട്ടത്തിനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരേ വിജയം. 29ാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ താരം വെസ് ബ്രൗണ്‍ നേടിയ ഏക ഗോളിനാണ് ബ്ലാസ്റ്റേഴ്സ് സീസണിൽ ആയുസ് നിലനിർത്തിയത്. കോര്‍ണര്‍ കിക്കില്‍ ഫ്രീ ഹെഡിലൂടെയാണ് താരം ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തന്റെ പേരിലുള്ള ആദ്യ ഗോള്‍ സ്വന്തമാക്കിയത്.
മികച്ച കളി പുറത്തെടുത്ത നോർത്ത് ഈസ്റ്റ് പലപ്പോഴും ഗോളിനടുത്തെത്തിയെങ്കിലും ഗോൾകീപ്പർ പോൾ റെച്ചൂബ്കയുടെ മികവ് ബ്ലാസ്റ്റേഴ്സിന് രക്ഷയായി. ഇടയ്ക്ക് നോർത്ത് ഈസ്റ്റ് താരത്തിന്റെ ഷോട്ട് ക്രോസ്ബാറിൽത്തട്ടി തെറിക്കുകയും ചെയ്തു.
16 മൽസരങ്ങളിൽനിന്ന് 24 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ഇപ്പോഴും അഞ്ചാം സ്ഥാനത്ത് തുടരുകയാണ്. സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ആറാം വിജയമാണിത്. 14 മൽസരങ്ങളിൽനിന്ന് 25 പോയിന്റുള്ള ജംഷഡ്പുർ എഫ്സി ബ്ലാസ്റ്റേഴ്സിനു തൊട്ടുമുന്നിലുണ്ട്. ഇനിയുള്ള മൽസരങ്ങളിൽ ജംഷഡ്പുരിന്റെ പ്രകടനവും ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തിൽ നിർണായകമാകും. അതേസമയം, 16–ാം മൽസരത്തിൽ സീസണിലെ 11–ാം തോൽവി വഴങ്ങിയ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഒൻപതാം സ്ഥാനത്തു തുടരുന്നു.