“ഞാനോ കൃഷ്ണദാസോ പുതിയ അധ്യക്ഷനാകും”; മാധ്യമസ്ഥാപനങ്ങളിലേക്ക് കെ.സുരേന്ദ്രന്റെ ഫോൺ

തിരുവനന്തപുരം: വെള്ളിയാഴ്ച്ച രാത്രി എട്ടരയോടെയാണ് കുമ്മനം രാജശേഖരനെ മിസോറം ഗവര്‍ണറായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് രാഷ്ട്രപതി ഭവന്‍ പുറത്തിറക്കിയത്. ഇതിന് തൊട്ട് പിന്നാലെയാണ് ബി.ജെ.പി നേതാവ് മാധ്യമസ്ഥാപനങ്ങളിലേക്ക് കെ.സുരേന്ദ്രന്റെ ഫോൺ. താനോ പി.കെ കൃഷ്ണദാസോ ആകും ബി.ജെ.പിയുടെ പുതിയ സംസ്ഥാന അധ്യക്ഷൻ എന്നായിരുന്നു സന്ദേശം.

സംസ്ഥാന അധ്യക്ഷനെ അമിത് ഷാ ഉടന്‍ പ്രഖ്യാപിക്കും എന്നാണ് ബിജെപി കേന്ദ്രനേതൃത്വം നല്‍കുന്ന സൂചന. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏതാനും മാസങ്ങള്‍ മാത്രം അവശേഷിക്കേ വലിയ വെല്ലുവിളികളാണ് പുതിയ അധ്യക്ഷനെ കാത്തിരിക്കുന്നത്.

നിലവില്‍ കേരളത്തില്‍ നിന്നുള്ള ബി.ജെ.പി നേതാക്കളില്‍ വി.മുരളീധരന്‍, പി.കെ.കൃഷ്ണദാസ്, സി.കെ.പത്മനാഭന്‍, പി.എസ്.ശ്രീധരന്‍പ്പിള്ള എന്നിവര്‍ ഇതിനോടകം ബി.ജെ.പി അധ്യക്ഷ സ്ഥാനത്ത് ഇരുന്നവരാണ്. അതല്ല പുതിയൊരാളെയാണ് അമിത് ഷാ ആഗ്രഹിക്കുന്നതെങ്കില്‍ കെ.സുരേന്ദ്രന്‍, എം.ടി.രമേശ്,ശോഭാ സുരേന്ദ്രന്‍,കെ.പി.ശ്രീശന്‍ തുടങ്ങിയ സീനിയര്‍ നേതാക്കളില്‍ ആരെയെങ്കിലും പരിഗണിക്കാം. അതുമല്ല ആര്‍.എസ്.എസ് നേതൃത്വത്തില്‍ നിന്നോ ഇതരസംഘപരിവാര്‍ സംഘടനകളില്‍ നിന്നോ ഒരാള്‍ വന്നാലും അത്ഭുതപ്പെടാനില്ല.

മോദി സർക്കാർ ആദ്യം സുരേഷ് ഗോപിയെ രാജ്യസഭ എംപിയാക്കി. തുടർന്ന് അല്‍ഫോണ്‍സ് കണ്ണന്താനത്തെ കേന്ദ്രമന്ത്രിസഭയിലേക്ക് കൊണ്ടുവന്നു. കഴിഞ്ഞ മാസം വി മുരളീധരനെ മഹാരാഷ്ട്രയില്‍ നിന്ന് ബിജെപി രാജ്യസഭയില്‍ എത്തിച്ചു.ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കുമ്മനത്തെ ഗവര്‍ണറായി നിയമിച്ചത്.