വൈദ്യുതി ജീവനക്കാരുടെ കലാമേള
കൊച്ചി: സംസ്ഥാന വൈദ്യുതി ബോര്‍ഡിലെ ജീവനക്കാരുടെ മദ്ധ്യമേഖലാ കലാമേള 'ദീപ്തം 2014' ചീഫ് എന്‍ജിനിയര്‍ വി.വി.സത്യരാജന്‍ ഉദ്ഘാടനം ചെയ്തു. മദ്ധ്യമേഖലയിലെ അഞ്ച് ജില്ലകളില്‍ നിന്നുള്ള നാനൂറോളം ജീവനക്കാര്‍ മത്സരങ്ങളില്‍ പങ്കെടുത്തു. സംഗീത സംവിധായകന്‍ ബിജിബാല്‍, സിനിമാതാരം വിദ്യാ ഉണ്ണി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ചീഫ് എന്‍ജിനിയര്‍മാരായ ദയാ പ്രദീപ്, ഗായത്രി ആര്‍,നായര്‍, ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍മാരായ വി.കേശവദാസ്, കെ.പി.പ്രദീപ്, എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍മാരായ ടി.പുഷ്പ, കെ.സന്തോഷ്, എസ്.ശ്രീലത തുടങ്ങിയവര്‍ പ്രസംഗിച്ചു. ബുധനാഴ്ച സമാപിക്കും.

വി.കലാധരന് വെങ്കിച്ചന്‍ പുരസ്‌കാരം
കൊച്ചി: കാലടി ക്ഷേത്ര കലാസ്വാദക സമിതിയുടെ വെങ്കിച്ചന്‍ പുരസ്‌കാരം കലാമണ്ഡലം മുന്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ വി. കലാധരന്. സുവര്‍ണ മുദ്രയും ഫലകവുമാണ് പുരസ്‌കാരം.കേരളീയ വാദ്യകലാ രംഗത്തെക്കുറിച്ചുള്ള പ്രബന്ധങ്ങള്‍, ലേഖനങ്ങള്‍ എന്നിവ കണക്കിലെടുത്താണ് അവാര്‍ഡ് നല്‍കുന്നതെന്ന് കലാസ്വാദക സമിതി ഭാരവാഹികളായ കെ. നാരായണന്‍, ആര്‍.കെ. ദാമോദരന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 26ന് തിരുവില്വാമല വെങ്കിച്ചന്‍ സ്വാമി സ്മാരക പഠന കേന്ദ്രത്തില്‍ നടത്തുന്ന പല്ലാവൂര്‍ കുഞ്ഞുകുട്ടമാരാര്‍ അനുസ്മരണ ചടങ്ങില്‍ പി.വി.എം. വാര്യര്‍ പുരസ്‌കാരം നല്‍കും.

'എന്റെ സ്റ്റാമ്പ്' പദ്ധതി ഇന്നു തുടങ്ങും
കൊച്ചി: 'എന്റെ സ്റ്റാമ്പ്' പദ്ധതി ബുധനാഴ്ച എറണാകുളം ഹെഡ് പോസ്റ്റ് ഓഫീസില്‍ തുടങ്ങും. ഉപഭോക്താക്കളുടെ ഫോട്ടോ, സ്ഥാപനങ്ങളുടെ ലോഗോ, ചരിത്ര പ്രാധാന്യമുള്ള കെട്ടിടങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുടങ്ങി ഉപഭോക്താവ് തിരഞ്ഞെടുക്കുന്ന ചിത്രങ്ങളോടു കൂടിയ അനുസ്മരണ തപാല്‍ സ്റ്റാമ്പുകള്‍ 'എന്റെ സ്റ്റാമ്പ്' പദ്ധതിയിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഇതിനായി ഉപഭോക്താക്കള്‍ പൂരിപ്പിച്ച അപേക്ഷയ്‌ക്കൊപ്പം ഫോട്ടോ, തിരിച്ചറിയല്‍ രേഖ എന്നിവ സമര്‍പ്പിക്കണം.12 സ്റ്റാമ്പുകള്‍ അടങ്ങിയ ഒരു ഷീറ്റിന് 300 രൂപയാണ്. ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ ചിത്രങ്ങളോടുകൂടിയ സ്റ്റാമ്പ് എറണാകുളം ഹെഡ് പോസ്റ്റ് ഓഫീസില്‍ രാവിലെ 10 മണിക്ക് പുറത്തിറക്കും. വിവരങ്ങള്‍ക്ക് ഫോണ്‍: 04842362650, 2355336.

സുകുമാര്‍ അഴീക്കോട് സ്മാരക അവാര്‍ഡ്
കൊച്ചി: ഡോ. സുകുമാര്‍ അഴീക്കോടിന്റെ സ്മരണയ്ക്കായി നേച്ചര്‍ ലൈഫ് ഇന്റര്‍നാഷണല്‍ ഏര്‍പ്പെടുത്തിയ രണ്ട് അവാര്‍ഡുകള്‍ക്ക് നാമനിര്‍ദ്ദേശം ക്ഷണിച്ചു. പ്രകൃതി ജീവനം, പ്രകൃതികൃഷി, പരിസ്ഥിതി മേഖലകളിലെ മികച്ച ദൃശ്യശ്രവ്യഅച്ചടിമാധ്യമ പ്രവര്‍ത്തനം, ജനകീയ സമരം എന്നിവയ്ക്കാണ് അവാര്‍ഡുകള്‍. 2013 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ പ്രസിദ്ധീകരിച്ചവയാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. വ്യക്തികളെയും പ്രസ്ഥാനങ്ങളെയും പരിഗണിക്കും. പതിനായിരത്തൊന്ന് രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം ഫിബ്രുവരി അഞ്ചിന് വൈകീട്ട് എറണാകുളം ചമ്പക്കര നേച്ചര്‍ ലൈഫ് ഇന്റര്‍നാഷണലില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ സ്വാമി അഗ്‌നിവേശ് സമ്മാനിക്കും.അവാര്‍ഡിന് പരിഗണിക്കേണ്ട നാമനിര്‍ദ്ദേശങ്ങളും വിശദവിവരങ്ങളും സി.ഡി.കളും ജനുവരി 31നകം കണ്‍വീനര്‍, നേച്ചര്‍ ലൈഫ് അവാര്‍ഡ് സമിതി, മാലിപ്പുറം682511, കൊച്ചി എന്ന വിലാസത്തില്‍ ലഭിക്കണം.

യു.എ.പി.എ. വിരുദ്ധ സംസ്ഥാന കമ്മിറ്റി: എ. വാസു പ്രസിഡന്റ്
കൊച്ചി: എ. വാസു പ്രസിഡന്റും കെ. എച്ച്. നാസര്‍ ജനറല്‍ സെക്രട്ടറിയുമായി പീപ്പിള്‍സ് മൂവ്‌മെന്റ് എഗെന്‍സ്റ്റ് യു.എ.പി.എ. എന്ന ജനകീയ സംഘടനയുടെ സംസ്ഥാന കമ്മിറ്റി രൂപവത്കരിച്ചു. അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്, അഡ്വ. മധുസൂദനന്‍, സാംകുട്ടി ജേക്കബ്ബ്, അഡ്വ. പി.എ. പൗരന്‍, മുഹമ്മദ് ഈസാ മൗലവി, അഡ്വ. ജെയിംസ് ഫെര്‍ണാണ്ടസ് എന്നിവര്‍ രക്ഷാധികാരികളാണ്.ജനവിരുദ്ധ നിയമമായ യു.എ.പി.എ.ക്കെതിരായ ദേശീയ കാംപെയിന്റെ ഭാഗമായി എറണാകുളം ശിക്ഷക് സദനില്‍ ചേര്‍ന്ന യു.എ.പി.എ. വിരുദ്ധ കണ്‍വെന്‍ഷനാണ് സംസ്ഥാന കമ്മിറ്റിയെ തിരഞ്ഞെടുത്തത്. അഡ്വ. സുധാകരന്‍, പ്രൊഫ. ടി.ബി. വിജയകുമാര്‍, റെനി ഐലിന്‍, കെ. ഇബ്രാഹിംകുട്ടി, എ. സത്താര്‍ (വൈസ് പ്രസിഡന്റുമാര്‍) , ടി.വി. തമ്പാന്‍, എന്‍.എം. സിദ്ദിക്, പി. നൂറുല്‍ അമീന്‍, എം. ഫാറൂഖ് (സെക്രട്ടറിമാര്‍), എ ജമാല്‍ മുഹമ്മദ് (ട്രഷ.) എന്നിവരാണ് മറ്റു ഭാരവാഹികള്‍.

ഗ്ലോബല്‍ ഇന്ത്യന്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം
പുണെ: സിറ്റിസണ്‍ ഇന്റഗ്രേഷന്‍ പീസ് സൊസൈറ്റിയുടെ ഗ്ലോബല്‍ ഇന്ത്യന്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിന് ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനികളുടെ സി.ഇ.ഒ. സോഹന്റോയിയും സ്‌പോര്‍ട്‌സ് മെഡിസിന്‍രംഗത്തെ പ്രമുഖനും ജി.ജെ. സ്‌പോര്‍ട്‌സ് സ്ഥാപകനുമായ ഡോ. ജോര്‍ജ് ജോണും അര്‍ഹരായി.സോഹന്റോയ് സംവിധാനംചെയ്ത 'ഡാം 999' ഓസ്‌കറില്‍ ഷോര്‍ഌളിസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഡോ. ജോര്‍ജ് ജോണ്‍ ഇംഗ്ലീഷ് ഫുട്‌ബോള്‍ ക്ലബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഡോക്ടറും 2010 ഫിഫ ലോകകപ്പിലും പല പ്രമുഖ ടൂര്‍ണമെന്റുകളിലും കണ്‍സള്‍ട്ടന്റും ടൂര്‍ണമെന്റ് ഡോക്ടറുമായിരുന്നു.

കെ.എ.ഐ.എ. സംസ്ഥാനസമ്മേളനം കോഴിക്കോട്ട്
കോഴിക്കോട്: കേരള അഡ്വര്‍ടൈസിങ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ (കെ.എ.ഐ.എ.) സംസ്ഥാനസമ്മേളനം ശനിയാഴ്ച കാലിക്കറ്റ് ടവര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. പൊതുസമ്മേളനം രാവിലെ മന്ത്രി ഡോ. എം.കെ. മുനീര്‍ ഉദ്ഘാടനംചെയ്യും. വൈകുന്നേരം സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്യും. രാവിലെ ഒമ്പതിന് സംസ്ഥാന രക്ഷാധികാരി സി. ചന്ദ്രമോഹനന്‍ പതാക ഉയര്‍ത്തും. സംസ്ഥാനപ്രസിഡന്റ് ജോസഫ് മാത്യു അധ്യക്ഷതവഹിക്കും.

673121 പിന്‍കോഡില്‍ മാറ്റം
കോഴിക്കോട്: കല്പറ്റ ഹെഡ് പോസ്‌റ്റോഫീസ് 673121 എന്ന പിന്‍കോഡിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ചെന്നലോട്, കമ്പളക്കാട്, കരിംകുറ്റി, കാവുംമന്ദം, കോട്ടത്തറ, മാടക്കുന്ന്, പള്ളിക്കുന്ന്, മടക്കിമല, പുഴമുടി, തെക്കുംതറ, പിണങ്ങോട്, കണിയാമ്പറ്റ എന്നീ ബ്രാഞ്ച് പോസ്റ്റാഫീസുകള്‍ കല്പറ്റ നോര്‍ത്ത് പോസ്‌റ്റോഫീസ് 673122 എന്ന പിന്‍കോഡിലേക്ക് മാറി. മേല്‍പ്പറഞ്ഞ പോസ്‌റ്റോഫീസുകളുടെ തപാല്‍വിതരണപരിധിയില്‍ ഉള്‍പ്പെട്ടവര്‍ തങ്ങളുടെ മേല്‍വിലാസത്തില്‍ കല്പറ്റ നോര്‍ത്ത് പോസ്‌റ്റോഫീസ് എന്നും പിന്‍കോഡ് 673122 എന്നും എഴുതണമെന്ന് കോഴിക്കോട് പോസ്റ്റല്‍ സീനിയര്‍ സൂപ്രണ്ട് അറിയിച്ചു.

മുജാഹിദ് സംസ്ഥാനസമ്മേളനം കോട്ടക്കലില്‍
കോഴിക്കോട്: മുജാഹിദ് സംസ്ഥാനസമ്മേളനം ഫിബ്രുവരി ആറ്, ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ കോട്ടക്കല്‍എടരിക്കോട് നവോഥാന നഗരിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.അഞ്ചുലക്ഷത്തോളം പേര്‍ പങ്കെടുക്കും. കേരള മോഡല്‍ ദേശീയതലത്തില്‍ നടപ്പാക്കാന്‍ കര്‍മപദ്ധതി ആവിഷ്‌കരിക്കും. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ 'ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ്' പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചചെയ്യും. ജനുവരി 26 മുതല്‍ ഫിബ്രുവരി ഒമ്പതുവരെ ആരോഗ്യകാര്‍ഷികവിദ്യാഭ്യാസശാസ്ത്രചരിത്രപ്രദര്‍ശനം സമ്മേളനനഗരിയില്‍ നടക്കും. ഡിസംബര്‍ 17ന് കാസര്‍കോട്ടുനിന്നും തിരുവനന്തപുരത്തുനിന്നും തുടങ്ങിയ സന്ദേശവാഹന പ്രയാണം 27ന് പൊതുസമ്മേളനത്തോടെ കോട്ടക്കലില്‍ സമാപിക്കും.പത്രസമ്മേളനത്തില്‍ കെ.എന്‍.എം. സംസ്ഥാനപ്രസിഡന്റ് ഡോ. ഇ.കെ. അഹ്മദ്കുട്ടി, സി.പി. ഉമര്‍ സുല്ലമി, എ.അസ്ഗറലി, ഉബൈദുല്ല താനാളൂര്‍, ബി.പി.എ. ഗഫൂര്‍, ഹാഫിസ് റഹ്മാന്‍ എന്നിവര്‍ പങ്കെടുത്തു.

ഡെന്റല്‍ അസോസിയേഷന്‍ ഭാരവാഹികള്‍
കോഴിക്കോട്: ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റായി ഡോ. നിസാറോ സിയോയേയും സെക്രട്ടറിയായി ഡോ. ഒ.വി. സനലിനേയും തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികള്‍: ഡോ.പി.ടി. സമീര്‍, ഡോ. സിജു പൗലോസ്, ഡോ. ഫാസില്‍ ഹസന്‍ (വൈ.പ്രസി.), ഡോ. പി.കെ. അനില്‍ കുമാര്‍ (ജോ. സെക്ര.), ഡോ. നവീദ് സയീദ് (അസി. സെക്ര.), ഡോ. ടി.ടി. രമേശന്‍(ഖജാ).